കണ്ണൂർ : ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി തീപിടുത്തം വ്യാപകമാകുകയാണ്. കഴിഞ്ഞ ജനുവരി 1 മുതൽ മാർച്ച് 25 വരെയുള്ള കണക്കുകൾ അനുസരിച്ച് ജില്ലയിൽ 739 തീപിടുത്തമാണ് ഇതുവരെ ഉണ്ടായത്. അശ്രദ്ധ മൂലമാണ് ഇതിൽ അധികം തീപിടുത്തങ്ങളും ഉണ്ടായിട്ടുള്ളത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ തീപിടുത്തങ്ങൾ റിപ്പോർട് ചെയ്തിട്ടുള്ളത് കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി ഫയർ സ്റ്റേഷൻ പരിധികളിലാണ്.
അടിക്കാടുകൾക്ക് തീപിടുത്തം ഉണ്ടാകുന്നത് ഇവിടെ സർവസാധാരണമായി മാറിയിരിക്കുകയാണ്. കൂടാതെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും തീ പിടിത്തമുണ്ടാകുന്നു. കനത്ത ജാഗ്രത പുലർത്തണമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തീപിടുത്തം ഉണ്ടാകുന്നത് തടയാനായി ചരിഞ്ഞ സ്ഥലങ്ങൾ, റോഡ് അരികുകൾ, കാട് അതിർത്തികൾ എന്നിവിടങ്ങളിൽ ‘ഫയർ ലൈനുകൾ’ ഒരുക്കുന്നുണ്ട്. തീപിടുത്തം ഉണ്ടായാൽ പടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഒരുക്കുന്നത്.
കൂടാതെ മാലിന്യങ്ങൾ തീയിട്ട് നശിപ്പിക്കുമ്പോൾ അവ കത്തി തീരുന്നത് വരെ ശ്രദ്ധിക്കണമെന്നും, അതിന് ശേഷം ചാരം വെള്ളമൊഴിച്ച് അണക്കണമെന്നും അഗ്നിശമന സേന നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയരുതെന്നും, പടക്കം പൊട്ടിക്കുന്നത് കുട്ടികളാണെങ്കിൽ മുതിർന്നവരുടെ സാനിധ്യത്തിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
Read also : വോട്ടർപട്ടികയിലെ ഇരട്ടവോട്ട് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി







































