ഡമാസ്‌കസ്: വിമതസംഖ്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാർ സുരക്ഷിതമായി ലെബനൻ അതിർത്തി കടന്നെന്നും, ഉടൻ തന്നെ കൊമേഴ്സ്യൽ വിമാനങ്ങളിൽ രാജ്യത്ത് മടങ്ങിയെത്തുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.
കൂടുതൽ ഇന്ത്യക്കാരെ മേഖലയിൽ നിന്ന് പുറത്തെത്തിക്കാൻ സർക്കാർ ശ്രമം തുടരുകയാണ്. സിറിയയിലുള്ള ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സിറിയയിലെ ഇന്ത്യൻ പൗരൻമാരുടെ അഭ്യർഥനകളും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് സർക്കാർ നടപടി. വിദേശത്തുള്ള ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയ്‌ക്ക് സർക്കാർ ഉയർന്ന പരിഗണന നൽകുന്നുണ്ടെന്നും സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സിറിയയിൽ തുടരുന്ന ഇന്ത്യക്കാർക്ക് ഡമാസ്‌കസിലെ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെടാനായി +963993385973 എന്ന ഹെൽപ്പ് ലൈൻ നമ്പറും [email protected] എന്ന ഇ-മെയിൽ ഐഡിയൻ മന്ത്രാലയം നൽകിയിട്ടുണ്ട്. വാട്‌സ് ആപ് വഴിയും നമ്പറിൽ ബന്ധപ്പെടാം.
സിറിയയിൽ ഹയാത്ത് തഹ്‌രീർ അൽ ഷാം ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സേന 12 ദിവസം കൊണ്ടാണ് സിറിയൻ പ്രസിഡണ്ട് ബഷാർ അൽ-അസദിനെ വീഴ്‌ത്തി ഭരണം പിടിച്ചെടുത്തത്. രാജ്യത്തെ അഞ്ചു പതിറ്റാണ്ട് നീണ്ട അസദ് വംശത്തിന്റെ ഏകാധിപത്യത്തിൽ നിന്നാണ് ഇതോടെ അന്ത്യമായത്. പ്രതിപക്ഷ നീക്കത്തിന് പിന്നാലെ രാജ്യം വിട്ട അസദ് ഇപ്പോൾ റഷ്യയിലാണ്.
അതേസമയം, വിമാത്ര ഭരണം പിടിച്ച സിറിയയിൽ കാവൽ പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചു. വടക്കു-പടിഞ്ഞാറൻ സിറിയയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന സാൽവേഷൻ സർക്കാരിന്റെ തലവനായിരുന്നു ബഷീർ. 2025 മാർച്ച് ഒന്നുവരെ ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്ന് ബഷീർ ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. അസദിനെ പുറത്താക്കാൻ വിമതരെ സഹായിച്ചവരിൽ പ്രധാനിയാണ് ബഷീർ.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്