1970ൽ ഇരുചക്രവാഹനം ഓടിക്കാൻ ലൈസൻസ് എടുക്കുമ്പോൾ അതൊരു ചരിത്ര സംഭവമാകുമെന്ന് പുഷ്‌പലത പൈ അറിഞ്ഞിരുന്നില്ല. കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത റെക്കോർഡാണ് പുഷ്‌പലത പൈ സ്വന്തമാക്കിയത്. കൊച്ചി നഗരത്തിലൂടെ ചീറിപ്പാഞ്ഞ ആ നാളുകളെ കുറിച്ചോർക്കുമ്പോൾ 76ആം വയസിലും സ്‌കൂട്ടറമ്മയ്‌ക്ക് ഇപ്പോഴും 70കളിലെ പഴയ ചുറുചുറുക്കാണ്.
അന്ന് എല്ലാവരും അൽഭുത ജീവിയെ പോലെയാണ് പുഷ്‌പലതയെ നോക്കിയത്. ചിലർ മൂക്കത്ത് വിരൽവെച്ചു. മറ്റുചിലർ ഇതെന്ത് മറിമായമെന്ന അമ്പരപ്പോടെ നോക്കിനിന്നു. പോലീസുകാർ നെടുവീർപ്പിട്ടു. സ്‌കൂൾ കുട്ടികൾ കൂകി വിളിച്ചു. പക്ഷേ ആളുകളുടെ കളിയാക്കലൊന്നും വകവെക്കാതെ പുഷ്‌പലത കുതിച്ചു. ആ കുതിപ്പ് എത്തിനിൽക്കുന്നത് ഇന്ന് റെക്കോർഡിലും.
കേരളത്തിൽ ആദ്യമായി സ്‌കൂട്ടർ സ്വന്തമാക്കിയ വനിതയും മംഗലാപുരം സ്വദേശിനിയായ പുഷ്‌പലത പൈ ആണ്. ചെറുപ്പം മുതലേ സ്‌കൂട്ടറും കാറും ഓടിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പെൺകുട്ടി എന്ന കാരണത്താൽ അത് നിഷേധിക്കപ്പെട്ടു. പെൺകുട്ടിയല്ലേ അടക്കവും ഒതുക്കവും വേണമെന്ന നിലപാടിലായിരുന്നു വീട്ടുകാർ.
18ആം വയസിൽ വിവാഹിതയായി കൊച്ചിയിലെത്തി. അതിന് ശേഷമാണ് സ്വാതന്ത്ര്യം എന്ന വെളിച്ചം പുഷ്‌പലതയിലേക്ക് തുറന്നുവന്നത്. പതിയെ പതിയെ വാഹനങ്ങളുമായി ചങ്ങാത്തത്തിലായി. ഭർത്താവ് ശാന്താറാം പൈ ആണ് ഇക്കാര്യത്തിൽ പുഷ്‌പലതയെ ഏറ്റവും കൂടുതൽ സഹായിച്ചത്.
ലാംബ്രട്ടയിലാണ് തുടക്കം. പഠിപ്പിച്ചതും ഭർത്താവ് തന്നെ. ഒടുക്കം 1969 മോഡൽ വെസ്‌പ ശാന്താറാം പുഷ്‌പലതയ്‌ക്ക് സമ്മാനിച്ചു. പിന്നെ ഇതിലായി കറക്കം. അന്നുതൊട്ട് ഇറങ്ങിയിട്ടുള്ള ഒരുവിധം എല്ലാ സ്‌കൂട്ടറുകളും പുഷ്‌പലത ഓടിച്ചിട്ടുണ്ട്. മൂന്നുവർഷം കൂടുമ്പോൾ സ്‌കൂട്ടർ മാറ്റുന്നത് പതിവാക്കി.
പുഷ്‌പലതയുടെ സഹോദരന് മംഗലാപുരത്ത് ഡ്രൈവിങ് സ്‌കൂൾ ഉണ്ടായിരുന്നു. അതിന്റെ ഒരു ബ്രാഞ്ച് കൊച്ചിയിലും തുടങ്ങി. വനിതകൾക്കായി ഡ്രൈവിങ് സ്‌കൂൾ ആരംഭിച്ചതോടെ പുഷ്‌പലത ഡ്രൈവിങ് ഇൻസ്‌ട്രെക്‌ടറായി. ആറുവർഷം മുമ്പുവരെ കൊച്ചിയിൽ ക്രൗൺ മോട്ടോഴ്‌സ് എന്ന പേരിൽ ഡ്രൈവിങ് സ്‌കൂൾ നടത്തിയിരുന്നു. ഇന്ന് കൊച്ചിയിലൂടെ ചീറിപ്പാഞ്ഞ് പറക്കുന്ന പലരെയും ഡ്രൈവിങ് പഠിപ്പിച്ചത് ഇവരാണ്. ഇതോടെ ‘സ്‌കൂട്ടറമ്മ’ എന്ന വിളിപ്പേരും പുഷ്‌പലതയ്‌ക്ക് സ്വന്തമായി.
അന്നെല്ലാം ഡ്രൈവിങ് പഠിപ്പിക്കുമ്പോൾ ടയർ മാറ്റാനും പഞ്ചർ ഒട്ടിക്കാനുമെല്ലാം പഠിപ്പിക്കുമായിരുന്നു. വനിത മാസികയുടെ മുഖചിത്രമായും പുഷ്‌പലത വന്നിട്ടുണ്ട്. മകൻ സതീഷ് ചന്ദ്ര പൈ, മകൾ ഐശ്വര്യ പൈ എന്നിവർ യുഎസിലാണ്. കൊച്ചി ചിറ്റൂർ റോഡിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് പുഷ്‌പലത. അടുത്ത കാലം വരെ കാർ ഓടിക്കുമായിരുന്നു. എന്നാൽ, മക്കളുടെ ടെൻഷൻ കാരണം ഇപ്പോൾ വാഹനമോടിക്കുന്നത് നിർത്തി.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു