കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് തിരിച്ചടി. പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി പിഎംഎൽഎ കോടതി കണ്ടെത്തി. പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതിയും കോടതി നൽകി.
സിപിഎം നേതാക്കളായ എസി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എംഎം വർഗീസ് തുടങ്ങിയ 28 പ്രതികളെയും വിചാരണ ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. നേതാക്കളെ കൂടാതെ സിപിഎമ്മിനെയും പ്രതിചേർത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷ ആണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി പറയുന്നു. ആകെ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽ നിന്ന് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
കരുവന്നൂർ കേസിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ തർക്കങ്ങൾക്ക് ഒടുവിലാണ് മുതിർന്ന നേതാക്കളെ അടക്കം പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ്. കേസിൽ സിപിഎമ്മിനേയും ഇഡി പ്രതിചേർത്തിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു തട്ടിപ്പ് കേസിൽ ഒരു പാർട്ടി ഉൾപ്പെടുന്നത്.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്





































