ഡമാസ്‌കസ്: വിമതസംഖ്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയിലെ സൈനിക താവളങ്ങൾ ലക്ഷമാക്കി ആക്രമണം തുടർന്ന് ഇസ്രയേൽ. ഹെലികോപ്‌ടറുകൾ, ജെറ്റ് വിമാനങ്ങൾ എന്നിവ തമ്പടിച്ചിരുന്ന മൂന്ന് സൈനിക താവളങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയതെന്ന് സിറിയൻ സുരക്ഷാ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ബഷാർ അൽ-അസദിനെ പുറത്താക്കിയ ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ അക്രമണമാണിതെന്നാണ് വിലയിരുത്തൽ. വടക്കു-കിഴക്കൻ സിറിയയിലെ ഖാമിഷ്‌ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിൻഷാർ താവളം, തലസ്‌ഥാനമായ ഡമാസ്‌കസിന് തെക്ക് പടിഞ്ഞാറുള്ള അക്‌റബ വിമാനത്താവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഡമാസ്‌കസിലെ ഗവേഷണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.
അതേസമയം, വിമതസഖ്യം പിടിച്ചെടുത്ത സിറിയയിലേക്ക് വൻ അഭയാർഥി പ്രവാഹമാണ്. അസദ് കുടുംബാധിപത്യ കാലത്തും 13 വർഷം നീണ്ട വിമത പോരാട്ടകാലത്തും സിറിയയിൽ നിന്ന് പലായനം ചെയ്‌തത് ലക്ഷക്കണക്കിന് ആളുകളാണ്. ഇവരിൽ ഭൂരിപക്ഷം പേർക്കും ഇടം നൽകിയത് തുർക്കിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികൾക്ക് അഭയം നൽകിയ രാജ്യമായി ഇതോടെ തുർക്കി മാറി.
പുതിയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനായി തുർക്കി-സിറിയൻ അതിർത്തിയിലെത്തി ആയിരക്കണക്കിന് അഭയാർഥികൾ കാത്തുനിൽക്കുകയാണ്. അഭയാർഥികൾ തിങ്ങിനിറഞ്ഞതോടെ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയിലായ തുർക്കി അഭയാർഥികൾക്ക് സുരക്ഷിതമായി മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുക്കുന്നു. അതേസമയം, വിമത സഖ്യത്തിന്റെ തുടർനടപടികൾ ഭയന്ന് സിറിയ വിടുന്നവരുമുണ്ട്.
അതിനിടെ, സിറിയ വിട്ട പ്രസിഡണ്ട് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കോയിൽ എത്തിയതായാണ് വിവരം. അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്‌തമാക്കിയിട്ടുണ്ട്. അസദിന്റെ ഭരണത്തിന് അവസാനമായതോടെ വിമതസേന എച്ച്ടിഎസിന്റെ തലവനായ അബു മുഹമ്മദ് അൽ ജുലാനി സിറിയയുടെ തലപ്പത്തേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്.
അങ്ങനെ സംഭവിച്ചാൽ അസദിനെ പിന്തുണയ്‌ക്കുന്ന റഷ്യയുടെയും ഇറാന്റെയും നിലപാടുകൾ നിർണായകമാകും. 2015 മുതൽ അസദ് ഭരണകൂടത്തിന് ഉറച്ച പിന്തുണയാണ് റഷ്യ നൽകുന്നത്. അൽ ഖ്വയിദയിൽ ചേർന്ന അൽ ജുലാനി സിറിയയുടെ തലപ്പത്തെത്തുമ്പോൾ രാജ്യത്തെ ന്യൂനപക്ഷം ആശങ്കയിലാണ്.
കൂടാതെ, 74 ശതമാനം സുന്നി മുസ്‌ലിം വിഭാഗങ്ങളും 13 ശതമാനം ഷിയാ വിഭാഗവും പത്ത് ശതമാനം ക്രൈസ്‌തവരും ഉള്ള ഒരു രാജ്യത്തിന്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക നിലനിൽക്കുകയാണ്. ലോകത്തെ വൻശക്‌തി രാജ്യങ്ങളൊന്നും വിഷയത്തിൽ ഇടപെട്ടിട്ടില്ല. സ്‌ഥിതി നിരീക്ഷിച്ച് വരികയാണെന്നാണ് അമേരിക്ക പ്രതികരിച്ചത്.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്