ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്തെ കൊടും തണുപ്പിലും കോരിച്ചൊരിയുന്ന മഴയത്തും സമരവീര്യം വിടാതെ കര്‍ഷകര്‍. സമരസ്‌ഥലങ്ങളില്‍ വെള്ളക്കെട്ടുയര്‍ന്നിട്ടും സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ തുടരുകയാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കാനിരിക്കേയാണ് സമരം ചെയ്യുന്ന കര്‍ഷകരെ ദുരിതത്തിലാക്കി മഴ വന്നത്.
തണുപ്പ് ചെറുക്കാന്‍ ഉണ്ടാക്കിയ ക്രമീകരണങ്ങള്‍ മഴയില്‍ ഇല്ലാതായെന്ന് ടിക്രി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന ഭാരതീയ കിസാന്‍ യൂനിയന്‍ (ഉഗ്രഹാന്‍) നേതാവ് സുഖ്ദേവ് സിങ് പറഞ്ഞു. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളുടെ പ്രധാന ആവശ്യങ്ങളായ മൂന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിലും താങ്ങുവിലക്ക് നിയമ പരിരക്ഷ നല്‍കുന്നതിലും അനുകൂല തീരുമാനമുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് നടക്കുന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ 6ആം തീയതി ഡെല്‍ഹിയിലേക്ക് ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്നും, വരുന്ന റിപ്പബ്‌ളിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്‌ടര്‍ പരേഡ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
ഒപ്പം തന്നെ രാജസ്‌ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം ഡല്‍ഹിയിലേക്ക് നീങ്ങുമെന്നും, റിപ്പബ്‌ളിക് ദിനത്തിന് മുന്‍പായി ഡെല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരം ഡെല്‍ഹിക്കുള്ളിലേക്ക് കടക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഇതിലൂടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യം വെക്കുന്നത്.
Read also: വാക്‌സിൻ വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി





































