ന്യൂഡെൽഹി : രാജ്യത്ത് പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിഡ് മരുന്നായ 2 ഡിഓക്‌സി ഡി ഗ്ളൂക്കോസ്(2DG) പുറത്തിറക്കി. പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും, ആരോഗ്യവകുപ്പ് മന്ത്രി ഹർഷ് വർധനും ചേർന്നാണ് മരുന്ന് പുറത്തിറക്കിയത്. കോവിഡ് ചികിൽസക്കായി മരുന്ന് പുറത്തിറക്കിയതോടെ ചികിൽസാരീതിയിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്‌തമാക്കി.
പൊടി രൂപത്തിലാണ് മരുന്ന് തയ്യാറാക്കിയത്. ഇത് വെള്ളത്തിൽ കലക്കി കുടിക്കാം. അത്യാസന്ന നിലയിൽ കഴിയുന്ന കോവിഡ് രോഗികൾക്കാകും ഈ മരുന്ന് ആദ്യം നൽകുക. ഇതോടെ ഇത്തരം രോഗികളിൽ താഴ്ന്ന ഓക്‌സിജൻ നില പൂർവാവസ്‌ഥയിൽ എത്തുമെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് ആദ്യം മരുന്ന് നൽകുക ഡെൽഹിയിലെ ആശുപത്രികളിൽ ആയിരിക്കും. ഇതിനായി ആദ്യഘട്ടത്തിൽ 10,000 ഡോസ് മരുന്ന് പുറത്തിറക്കും. ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനം ഹൈദരാബാദിലെ ഡോക്‌ടർ റെഡ്ഡീസ് ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചത്.
Read also : മാറി നൽകിയ കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കളെ തിരികെ ഏൽപ്പിച്ചു







































