മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധിയും വിവിധ സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി ആർബിഐ. മെയ് മാസത്തിൽ പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ തടസം നേരിടുന്നുണ്ട്. 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങളിൽ ഇടിവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും അധികം തിരിച്ചടി നേരിടുന്നത് ഉപഭോഗമേഖലയാണ്. ഗതാഗത സംവിധാനങ്ങൾ പരിമിതമായി. ആളുകൾ വളരെ ശ്രദ്ധിച്ചാണ് പണം ചിലവഴിക്കുന്നത്. ഇതാണ് ഉപഭോഗമേഖലയെ പ്രതികൂലമായി ബാധിച്ചത്. അതേസമയം, അവശ്യ വസ്‌തുക്കളുടെ വിതരണത്തെ കോവിഡ് നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല.
കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിന്റെ പകുതിയിൽ സമ്പദ് വ്യവസ്‌ഥയുടെ തിരിച്ചുവരവിന്റെ വേഗതയെ കുറച്ചതായും ആർബിഐ പറയുന്നുണ്ട്. എന്നാൽ നിലവിലെ സൂചനകൾ അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അത്രയും നഷ്‌ടം ഇത്തവണ ഉണ്ടായിട്ടില്ല. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ തൊഴിൽ അവസരങ്ങളെയും കാര്യമായി ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Read also: ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നത് നല്ല കാര്യമല്ല; വിമർശിച്ച് നിതിന്‍ ഗഡ്‌കരി







































