തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും. മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിനെയാണ് ചോദ്യം ചെയ്യുക. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ ആർഎസ്എസ് പ്രവർത്തകൻ ധർമരാജനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
ഏപ്രിൽ 3നാണ് കൊടകരയിൽ കവർച്ച നടന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ കവർന്നെന്നായിരുന്ന ആർഎസ്എസ് പ്രവർത്തകനായ ധർമ്മരാജൻ പോലീസിന് നൽകിയിരുന്ന പരാതി. എന്നാൽ, പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി വ്യക്തമായത്. കുഴൽപ്പണം കൊണ്ടുപോയ കാറിന്റെ ഡ്രൈവറുടെ സഹായിയായിരുന്നു കവർച്ചാ സംഘത്തിന് വിവരങ്ങൾ ചോർത്തി കൊടുത്തത്.
കേസിൽ ഇതുവരെ 90 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതികളായ രഞ്ജിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേർക്ക് വീതം വെച്ചുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഏകദേശം 25 പേരുടെ പക്കൽ പണം എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നിയമസഭാ തിരഞ്ഞടുപ്പിൽ മൽസരിച്ച സംസ്ഥാനത്തെ ഒരു മുതിർന്ന ബിജെപി നേതാവിനായി എത്തിയ മൂന്നരക്കോടിയുടെ കുഴൽപ്പണമാണ് കവർച്ച ചെയ്തതെന്നാണ് ആക്ഷേപം. കവർച്ച ചെയ്തത് 25 ലക്ഷമല്ല രണ്ടരക്കോടി രൂപയാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയതാണ് കേസിലെ പ്രധാന വഴിത്തിരിവ് ആയത്.
Read also: സംഘടനാതലത്തിൽ അഴിച്ചുപണി ആവശ്യം; കോൺഗ്രസിന്റെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് മുരളീധരൻ







































