കണ്ണൂർ: ലോക്ക്ഡൗണിൽ പ്രതിസന്ധി നേരിട്ട് കണ്ണൂരിന്റെ ഖാദി- കൈത്തറി വ്യവസായം. കഴിഞ്ഞ ലോക്ക്ഡൗണിൽ നഷ്ടമായ വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പലയിടങ്ങളിലും ഉൽപന്നങ്ങൾ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്.
പയ്യന്നൂർ ഫർക്ക ഖാദി ഗ്രാമോദയ സംഘത്തിൽ കഴിഞ്ഞ ലോക്ക്ഡൗൺ മുതൽ 20 കോടി രൂപയുടെ ഉൽപന്നങ്ങളാണു കെട്ടിക്കിടക്കുന്നത്. സാധാരണ 15 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. എന്നാൽ, ഇത്തവണ അത് 40 ശതമാനമായി കുറഞ്ഞെന്നും അധികൃതർ പറയുന്നു.
ഖാദി- കൈത്തറി മേഖലകൾക്ക് ഓണം കഴിഞ്ഞാൽ ലഭിക്കുന്ന വിപണി വിഷുവാണ്. കഴിഞ്ഞ വർഷം ലോക്ക്ഡൗണിനെ തുടർന്ന് വിഷുക്കാല കച്ചവടം നടന്നിരുന്നില്ല. വിഷു, ഓണം ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തുന്ന മേളകളായിരുന്നു ഖാദി – കൈത്തറി മേഖലകൾക്കു കൂടുതൽ വിപണനം നേടിക്കൊടുത്തിരുന്നത്. ഇവ നഷ്ടമായതോടെ വ്യവസായം പൂർണമായും പ്രതിസന്ധിയിലായി.
ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും അവസ്ഥ മോശമാണ്. ജോലി ചെയ്യുന്നത് അനുസരിച്ചാണ് ഇവർക്ക് കൂലി ലഭിക്കുന്നത് എന്നതിനാൽ ലോക്ക്ഡൗൺ തൊഴിലാളികൾക്കു പ്രതിസന്ധി തീർക്കുകയാണ്. പലരുടെയും ജോലി നഷ്ടപ്പെട്ടതും പുറത്തിറങ്ങാൻ സാധിക്കാത്തതുമാണ് പ്രധാന കാരണം.
Also Read: കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുമെന്ന് വിഡി സതീശൻ

































