വിജയവാഡ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് ആന്ധ്രാ പ്രദേശ് സർക്കാരിന്റെ കൈത്താങ്ങ്. കൃഷ്ണ ജില്ലയിലെ കനുരു സ്വദേശിയായ പാവനി ലക്ഷ്മി പ്രിയങ്കയ്ക്കാണ് സർക്കാർ ധനസഹായം നൽകിയത്. സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്.
പ്രിയങ്കയുടെ മാതാവ് ഭാഗ്യലക്ഷ്മിയും പിതാവ് പി മോഹൻകുമാറും കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. ബാങ്കിൽ നിക്ഷേപിച്ച തുകയുടെ അഞ്ചോ ആറോ ശതമാനം പലിശ പ്രിയങ്കയുടെ രക്ഷിതാവിന് കൈമാറും. കുട്ടിക്ക് 25 വയസാകുന്നത് വരെ ഇത് തുടരുമെന്ന് ജില്ലാ കളക്ടർ ഇംതിയാസ് അറിയിച്ചു.
ഇതേ ജില്ലയിലെ തന്നെ അഞ്ച് കുട്ടികൾ കൂടി കോവിഡ് മൂലം അനാഥരായിട്ടുണ്ട്. സമൂഹം ഇവരെ അകറ്റി നിർത്തുന്ന സാഹചര്യം ഉണ്ടായതോടെയാണ് കുട്ടികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഈ അഞ്ച് കുട്ടികൾക്കും 10 ലക്ഷം വീതം നൽകുമെന്ന് ആന്ധ്രാ സർക്കാർ അറിയിച്ചു.
Also Read: കോവിഡ് മൂന്നാം തരംഗം നേരിടാൻ യുപി തയ്യാർ; യോഗി ആദിത്യനാഥ്







































