പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതിയിൽ കോവിഡ് വാക്‌സിനേഷന് പഞ്ചായത്തിലെ ജനങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി. ഈ പ്രദേശത്തെ തോട്ടം തൊഴിലാളികൾക്കിടയിൽ ഇന്റർനെറ്റ് ലഭ്യതക്കുറവും മറ്റും വാക്‌സിൻ ലഭിക്കുന്നതിന് തടസമാകുകയാണ്. കുത്തിവെപ്പിനായുള്ള വാക്‌സിൻ എത്തുന്ന സമയങ്ങളിൽ മിക്കവർക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ കഴിയാതെ വരുന്നതാണ് നിലവിലത്തെ പ്രശ്‌നം.
ഇവിടുത്തെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ആളുകളാണ് കൂടുതലായും വാക്‌സിൻ സ്വീകരിക്കാനായി എത്തുന്നത്. വാക്‌സിനേഷൻ നടക്കുന്ന വിവരം മുൻകൂട്ടി അറിയാത്തതും ഇവർക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. വാക്‌സിൻ വിതരണം ചെയ്യുന്ന വിവരം അറിയുമ്പോഴേക്കും രജിസ്‌ട്രേഷൻ പൂർത്തിയാകുകയും ചെയ്യും. കഴിഞ്ഞ ദിവസം ഇവിടെ നടന്ന വാക്‌സിനേഷനിൽ വാക്‌സിൻ സ്വീകരിച്ച 150 പേരിൽ 5 പേർ മാത്രമാണ് നെല്ലിയാമ്പതിയിൽ നിന്ന് ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റ് ജില്ലകളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും എത്തിയവരായിരുന്നു.
ഇവിടുത്തെ തോട്ടം തൊഴിലാളികൾക്കിടയിൽ വാക്‌സിനേഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. അതിനാൽ പഞ്ചായത്തിലെ തോട്ടം തൊഴിലാളികളുടെ വാക്‌സിനേഷന് വേണ്ടി പ്രത്യേക സംവിധാനം വേണമെന്നും, ഇവരെ രജിസ്ട്രേഷന്റെ വിവരം യഥാസമയം അറിയിക്കണമെന്നും ഐഎൻടിയുസി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി വിശ്വനാഥൻ ആവശ്യപ്പെട്ടു.
Read also : ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കാരം ചോദ്യം ചെയ്‌തുള്ള ഹരജി തള്ളി ഹൈക്കോടതി









































