വെണ്ണിയോട്: കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്തതിൽ പ്രതിഷേധിച്ച് കർഷകൻ ഒറ്റയാൾസമരം നടത്തി. കോട്ടത്തറ കരിഞ്ഞകുന്ന് സ്വദേശി പാലക്കൽ സലാമാണ് പ്രതിഷേധവുമായി വെണ്ണിയോട്ടെ പഞ്ചായത്ത് ഓഫീസിനു മുമ്പിലെത്തിയത്. ഞാറുപറിച്ച് നടനാണ് തൊഴിലാളികളെ കിട്ടാതിരുന്നത്.
തന്റെ ഒന്നര ഏക്കർ വയലിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഞാറുപണികൾക്കായിവിട്ടുനൽകണമെന്ന് സലാം ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് ഇദ്ദേഹം ഞാറിന്റെ കെട്ടുകളുമായി കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുമ്പിൽ പ്രതിഷേധവുമായെത്തിയത്. കൃഷിയിടത്തോടുചേർന്ന തോടിൽ വെള്ളം കയറിയതിനാൽ അൽപം മാറിയാണ് ഇദ്ദേഹം ഞാറുനട്ടത്. അതുപറിച്ച് വയലിൽ നടാനാണ് പണിക്കാരെ കിട്ടാതിരുന്നത്. കഴിഞ്ഞവർഷങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പണിക്കെത്തിയിരുന്നു. എന്നാൽ, ഇത്തവണ അവരെ കിട്ടാത്തത് പ്രയാസത്തിലാക്കി. അഞ്ചുദിവസമായി ജോലിക്കാരെ അന്വേഷിച്ചിറങ്ങിയിട്ടും ആരെയുംകിട്ടാത്ത മനോവിഷമമാണ് സമരത്തിലേക്ക് നയിച്ചതെന്ന് സലാം പറഞ്ഞു.
25 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സലാം കൃഷിയിലേക്ക് തിരിയുന്നത്. കർഷകരോടുള്ള അവഗണന ഇല്ലാതാക്കണമെന്നും പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ വില്ലേജ്, കലക്ടറേറ്റ് എന്നിവിടങ്ങളിൽ സമരം തുടരുമെന്നും സലാം വ്യക്തമാക്കി.






































