മലപ്പുറം: സംസ്‌ഥാനത്ത് ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ലയായ മലപ്പുറം തുടരുന്നു. ജില്ലയിൽ ജനറൽ ആശുപത്രി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്. ജനറൽ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി വേണമെന്ന് പി ഉബൈദുള്ള എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ, ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചെന്ന് ഉബൈദുള്ള എംഎൽഎ അറിയിച്ചിട്ടുണ്ട്.
മുമ്പ് മഞ്ചേരിയിലുണ്ടായ ജനറൽ ആശുപത്രി മെഡിക്കൽ കോളേജാക്കി മാറ്റിയതോടെയാണ് ജനറൽ ആശുപത്രിയില്ലാത്ത ജില്ലയായി മലപ്പുറം മാറിയത്. നിലവിലുള്ള താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുന്നതിന് പകരം മറ്റൊരു സ്‌ഥലത്ത് ജനറൽ ആശുപത്രി സ്‌ഥാപിക്കാനുള്ള സ്‌ഥലമുൾപ്പെടെ കണ്ടെത്തി നൽകുമെന്നും എംഎൽഎ വ്യക്‌തമാക്കിയിട്ടുണ്ട്.
18 ജനറൽ ആശുപത്രികളുള്ള സംസ്‌ഥാനത്ത് ഒരൊറ്റ ജനറൽ ആശുപത്രിയുമില്ലാത്ത ഏക ജില്ലയാണ് മലപ്പുറം. ജനസംഖ്യാനുപാതികമായി മലപ്പുറത്തേക്കാൾ വളരെ കുറഞ്ഞ ജനസംഖ്യയുള്ള ജില്ലകളിലാണ് ഒന്നിൽ കൂടുതൽ ജനറൽ ആശുപത്രികളുള്ളത്.
മഞ്ചേരിയിലെ ജനറൽ ആശുപത്രി വേണ്ടത്ര പഠനം നടത്താതെ അശാസ്‍ത്രീയമായി മെഡിക്കൽ കോളേജാക്കി ഉയർത്തിയത് ചികിൽസാ സൗകര്യം പരിമിതമാക്കി എന്ന വിമർശനവും ഉയരുന്നുണ്ട്. കോവിഡ് പശ്‌ചാത്തലം കൂടി കണക്കിലെടുത്ത് സർക്കാർ അടിയന്തര പ്രാധാന്യം നൽകി ജില്ലയിലെ ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്.
Also Read: കാനഡയിൽ കൊല്ലപ്പെട്ട മുസ്‌ലിം കുടുംബത്തിന് ഐക്യദാർഢ്യവുമായി ആയിരങ്ങളുടെ മാർച്ച്