ഇസ്ലാമാബാദ്: പീഡന കേസുകൾ വർധിക്കാൻ കാരണം സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവും ആണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനക്ക് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിപക്ഷത്തുള്ള വനിതാ പാര്‍ലമെന്റ് അംഗങ്ങൾ ഇമ്രാൻ ഖാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
പാകിസ്ഥാൻ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാൻ, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്ല റാസ, പിഎംഎല്‍ വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിയമത്തിലായാലും മതത്തിലായാലും സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിക്കേണ്ടതെന്ന് ഷെറി റഹ്മാൻ ട്വീറ്റ് ചെയ്തു. “നമ്മുടെ മതത്തിലായാലും നിയമത്തിലായാലും സ്ത്രീകളെ ബഹുമാനിക്കുക എന്നത് ഒരാളുടെ ഉത്തരവാദിത്തമാണ്. വസ്ത്രത്തിന്റെ പേരിലോ, നേരിട്ട ആക്രമണത്തിന്റെ പേരിലോ, ബലാൽസംഗം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയിലൊന്നും സ്ത്രീകളെ കുറ്റപ്പെടുത്താന്‍ ഒരു ആണിനും അവകാശമില്ല. പ്രധാനമന്ത്രിയുടെ പ്രവർത്തി കണ്ട് ഞെട്ടിത്തരിച്ചു,”- ഷെറി റഹ്മാൻ ട്വീറ്റിൽ പറഞ്ഞു.
സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഇങ്ങനെ പറയുന്നതുവഴി കുറ്റവാളികള്‍ക്കും മറ്റും അവരുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ വഴിയൊരുക്കി നൽകുകയാണ് ചെയ്തതെന്ന് ഇമ്രാന് ഖാന് ഇനിയും മനസിലായിട്ടുണ്ടോ എന്നും ഷെറി റഹ്മാൻ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.
അതേസമയം, സ്ത്രീകളുടെ മേല്‍ ഇത്രയും ശ്രദ്ധവെക്കുന്നതിന് പകരം ഇമ്രാന് ഖാന് രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ വെക്കുന്നതാണ് നല്ലതെന്ന് മന്ത്രി ഷെഹ്ല റാസ പ്രതികരിച്ചു. സ്ത്രീപീഡകരെ പ്രോൽസാഹിപ്പിക്കുന്ന പ്രസ്താവനയാണ് ഇമ്രാന് ഖാന് നടത്തിയത് മറിയം ഔറംഗസേബ് പറഞ്ഞു. ഒരു സ്ത്രീവിരുദ്ധ മനോഭാവമാണ് തന്റേതെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.
“ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ ധരിക്കുന്നുള്ളൂവെങ്കിൽ, റോബോട്ടുകളല്ലാത്ത പുരുഷൻമാർക്കെല്ലാം പ്രലോഭനം ഉണ്ടാവും, ഇത് സാമാന്യബുദ്ധി മാത്രമാണ്,”- എന്നായിരുന്നു ഒരു അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞത്. ഇതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെ വലിയതോതിൽ പ്രതിഷേധം ഉയർന്നിരുന്നു.
Most Read: വിസ്മയ ഉൾപ്പടെ ആത്മഹത്യ ചെയ്തത് മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്നും








































