കാസർഗോഡ്: അനർഹമായി മുൻഗണന/ എഎവൈ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവർ കാർഡ് തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കടുത്ത നടപടി. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചതിന് ഇതുവരെയായി ജില്ലയിൽ 4.51 ലക്ഷം രൂപ പിഴ ഈടാക്കി. പരിശോധനയിൽ പിടിക്കപ്പെട്ടാൽ നിശ്ചിത കാലയളവിൽ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ അധിക വിലയാണ് പിഴയൊടുക്കേണ്ടി വരുന്നത്.
2018 ജൂലൈ 27 മുതൽ ഇന്നലെ വരെ 7,727 റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. പിഴയില്ലാതെ കാർഡ് തിരികെ ഏൽപ്പിക്കാൻ സമയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതിന് ശേഷം 638 പേരാണ് കാർഡ് തിരികെ ഏൽപിച്ചത്.
ഈ മാസം 23 വരെ 357 പേർ പട്ടികയിൽ നിന്ന് ഒഴിവായിരുന്നു. കാസർഗോഡ് താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ (213) മുൻഗണന കാർഡ് ഉപേക്ഷിച്ചത്. മഞ്ചേശ്വരത്ത് 138 പേരും വെള്ളരിക്കുണ്ടിൽ 85 പേരും മുൻഗണന പട്ടികയിൽ നിന്ന് ഒഴിവായി. നിലവിൽ ജൂൺ 30 വരെയാണ് മുൻഗണനാ കാർഡ് കൈവശം വെച്ചിട്ടുള്ള അനർഹർക്ക് നടപടികൾ ഇല്ലാതെ കാർഡ് തിരികെ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അനർഹരായവർ അതാത് താലൂക്ക് സപ്ളൈ ഓഫീസുകളിൽ റേഷൻ കാർഡുകൾ സമർപ്പിക്കാനാണ് നിർദ്ദേശം.
Also Read: പരീക്ഷകൾ ഓഫ്ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്യു






































