ന്യൂഡെൽഹി: നിർണായക കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്.
പ്രതിപക്ഷ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖം മിനുക്കൽ അനിവാര്യമാണെന്ന ചിന്തയും, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്‌ജീവനം നൽകേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് പുനഃസംഘടനയിലേക്ക് നയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും പുതിയ അംഗങ്ങൾ കേന്ദ്ര മന്ത്രിസഭയിൽ എത്താനിടയുണ്ടെന്നാണ് സൂചനകൾ.
മുതിർന്ന മന്ത്രിമാരുടെ യോഗം ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിലുണ്ടായ തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചക്കെടുക്കും. കശ്‌മീർ വിഷയവും യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.
മന്ത്രിസഭാ യോഗത്തിന് തുടർച്ചയായി കൗൺസിൽ ഓഫ് മിനിസ്‌റ്റേഴ്‌സും ഇന്ന് യോഗം ചേരും. സഹമന്ത്രിമാർ ഉൾപ്പടെ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന യോഗമാണ് കൗൺസിൽ ഓഫ് മിനിസ്‌റ്റേഴ്‌സ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലേക്ക് മന്ത്രിസഭയിൽ നിന്ന് ആരെയൊക്കെ നിയോഗിക്കണമെന്നത് സംബന്ധിച്ചും ചർച്ച ഉണ്ടാകുമെന്നാണ് റിപ്പോർട്.
Read also: മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം; ബോധവൽക്കരണം തുടങ്ങാൻ സർക്കാർ







































