കൽപറ്റ: ഓരോ ദിവസം കഴിയും തോറും വയനാട്ടിലെ കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും പേരിന് പോലും മഴ ലഭിക്കാത്തതിനാൽ വയലുകളിലേക്ക് ഇറങ്ങാനാകാതെ കർഷകർ കുഴയുന്നു. മിഥുന മാസം പകുതിയോടെ നടീൽ ജോലികൾ പൂർത്തിയാക്കേണ്ട നെൽവയലുകൾ വരണ്ടുണങ്ങി കിടക്കുന്ന അവസ്‌ഥയാണ് ഇപ്പോഴും.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ വളരെ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് കർഷകർ പറയുന്നു. മഴയുടെ വരവും കാത്തിരുന്ന പലരും കൃഷിയിറക്കാതെ പിൻമാറാനുള്ള തയ്യാറെടുപ്പിലാണ്. ചില കർഷകർ കിണറും കുളങ്ങളും ഉപയോഗപ്പെടുത്തി പാടത്തേക്ക് വെള്ളം പമ്പ് ചെയ്‌ത് പ്രതിസന്ധി മറികടക്കാനും ശ്രമിക്കുന്നുണ്ട്.
പാരമ്പര്യ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന പുല്‍പ്പള്ളിയിലെ വനഗ്രാമമായ ചേകാടിയിലും അമ്പലവയലിലെ മാത്തൂര്‍കുളങ്ങര പാടശേഖരത്തിലും രണ്ട് വര്‍ഷമായി മഴകുറഞ്ഞതിനാല്‍ പല കര്‍ഷകരും ഇത്തരം വിത്തുകള്‍ ഇറക്കിയിട്ടില്ല. കൃത്യമായ അളവില്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ പാരമ്പര്യ നെല്‍വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ പ്രയാസമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഓരോ വർഷവും ലഭിക്കുന്ന മഴയുടെ അളവ് കുറഞ്ഞുവരികയാണ്. മഴ സമയം തെറ്റി പെയ്യുന്നതും കർഷകരെ കുഴപ്പത്തിലാക്കുന്നുണ്ട്.
2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ മണല്‍ നിറഞ്ഞ് പാടങ്ങളുടെ സ്വാഭാവികത നഷ്‌ടമായിരുന്നു. മണല്‍ നീക്കം ചെയ്‌ത് ഈ വര്‍ഷമാണ് മിക്ക കർഷകരും ശരിയായ വിധത്തില്‍ വയലുകള്‍ കൃഷിക്ക് പാകമാക്കിയത്. ഇതിനിടെയാണ് മഴ ചതിച്ചത്. വയലുകള്‍ വീണ്ടുകീറി തുടങ്ങിയതിനാല്‍ നല്ലയളവില്‍ വെള്ളം വേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട് ജില്ലകളായ നീലഗിരിയിലും കോയമ്പത്തൂരുമൊക്കെ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.
Also Read: വിദേശ വനിതകള്‍ക്കു നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്‌റ്റിൽ






































