ചെന്നൈ: പോളണ്ടിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പാഴ്‌സലിൽ ജീവനുള്ള ചിലന്തികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ അരുപ്പുകോട്ടയിലെ താമസക്കാരനു വന്ന പാഴ്‌സലിലാണ് 107 ചിലന്തികളെ കണ്ടെത്തിയത്. വിമാനത്താവളത്തിൽ എത്തിയ പാഴ്‌സൽ പരിശോധിച്ച കസ്‌റ്റംസ് ആണ് ചിലന്തികളെ കണ്ടെത്തിയത്.
വെള്ളിക്കടലാസിലും പഞ്ഞിയിലും പൊതിഞ്ഞ ചെറിയ 107 മരുന്നു കുപ്പികളിലാക്കിയാണ് ചിലന്തികളെ പാഴ്‌സലിന് അകത്തു വച്ചിരിക്കുന്നത്. ഓരോ മരുന്നുകുപ്പിയിലും ഓരോ ചിലന്തികൾ വീതമാണ് ഉണ്ടായിരുന്നത്. ജന്തുശാസ്‌ത്ര വകുപ്പിലെ ശാസ്‌ത്രജ്‌ഞൻമാർ നടത്തിയ പരിശോധനയിൽ അമേരിക്ക, മെക്‌സിക്കോ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇനം ചിലന്തികളാണ് ഇതെന്ന് കണ്ടെത്തി.
ചിലന്തികളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ ലൈസൻസും മറ്റു രേഖകളും ഇല്ലാത്തതിനാൽ പാഴ്‌സൽ പോളണ്ടിലേക്ക് തിരികെ അയക്കാൻ തപാൽ അധികൃതർക്ക് കൈമാറിയതായി ചെന്നൈ എയർ കസ്‌റ്റംസ് അറിയിച്ചു.
Most Read: ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാം; കേന്ദ്രം




































