റിയാദ് : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ യുഎഇ ഉൾപ്പടെയുള്ള 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി സൗദി. യുഎഇ, എത്യോപ്യ, വിയറ്റ്നാം, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് സൗദി വീണ്ടും വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ സൗദി പൗരൻമാരുടെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രയും ഭരണകൂടം തടഞ്ഞിട്ടുണ്ട്.
ഈ മാസം 4ആം തീയതി മുതലാണ് വിലക്ക് നിലവിൽ വരുന്നത്. വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ സ്വദേശികൾക്കൊപ്പം തന്നെ ഈ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ച ആളുകൾക്കും സൗദിയിൽ പ്രവേശനം അനുവദിക്കില്ല. കൂടാതെ ഞായറാഴ്‌ച മുതൽ 4 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും സൗദി റദ്ദാക്കും.
ജൂലൈ 4ആം തീയതിക്ക് ശേഷം രാജ്യത്തെത്തുന്ന സൗദി പൗരൻമാർ നിർബന്ധമായും ക്വാറന്റെയ്ൻ ഇരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം പ്രഖ്യാപിച്ചിരുന്ന സൗദി മെയ് 17നാണ് ചില രാജ്യങ്ങളിൽ നിന്നൊഴികെ ഉള്ളവർക്ക് പ്രവേശനം അനുവദിച്ചത്.
Read also : കൊടകര കള്ളപ്പണ കേസ്; കെ സുരേന്ദ്രൻ നിയമോപദേശം തേടി




































