കൊല്ലം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കിരണിന് ജാമ്യമില്ല. ശാസ്‌താംകോട്ട ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കിരൺ കുമാർ സമർപ്പിച്ച ജാമ്യഹരജി തള്ളിയത്. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ കിരൺ കുമാർ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തന്നെ തുടരും.
ഗാർഹിക പീഡനം, സ്‌ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കിരൺ കുമാർ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്നത്. അഡ്വക്കേറ്റ് ബിഎ ആളൂരാണ് കിരൺ കുമാറിന് വേണ്ടി കോടതിയിൽ ഹാജരായത്. വിസ്‌മയയുടെ മരണത്തിൽ കിരണിന് പങ്കില്ലെന്ന നിലപാട് തന്നെയാണ് ജാമ്യഹരജിയിലും ആവർത്തിച്ചത്. അതേസമയം ജാമ്യഹരജിയെ കോടതിയിൽ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു.
നിലവിൽ കോവിഡ് ബാധിതനായ കിരൺ നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ രോഗം ഭേദമാകുന്നതോടെ കിരണിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കും. വിസ്‌മയയുടെ വീട്ടിൽ ഉൾപ്പടെ കിരണിന്റെ തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കിരണിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനായി 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്.
Read also : വ്യാജ പിസിആര്‍ പരിശോധനാ ഫലം; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍







































