തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് ഇന്ന് ഡെൽഹിയിലേക്ക്. പുനസംഘടനയിൽ കെപിസിസി തയ്യാറാക്കിയ മാനദണ്ഡത്തിൽ അംഗീകാരം തേടാനാണ് കെ സുധാകരന്റെ ഡെൽഹി യാത്ര. 51 ഭാരവാഹികൾ മതിയെന്നാണ് കെപിസിസിയിലുണ്ടായ പുതിയ ധാരണ. ഇതിൽ ഹൈക്കമാൻഡുമായി ചർച്ചയുണ്ടാകും. യുഡിഎഫ് കൺവീനറുടെ കാര്യത്തിലും തീരുമാനമുണ്ടാകും.
ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ നികത്തുക, മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ ചുമതലയുളളവരെ മാറ്റുക, സംസ്ഥാന നേതാക്കാളെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുക; ജനറല്‍സെക്രട്ടറി പദവിയില്‍ ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും മാറ്റം വരിക.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്‍പായി എഐസിസിയില്‍ ഉടൻ അഴിച്ചു പണിയുണ്ടാകും. ഉമ്മന്‍ചാണ്ടി തുടരണോയെന്നതിലും, രമേശ് ചെന്നിത്തലയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മൽസരിക്കേണ്ടതിനാല് പഞ്ചാബിന്റെ ചുമതലയില്‍ നിന്ന് ഹരീഷ് റാവത്തിനെ മാറ്റും. കൂടാതെ, ഗുജറാത്ത് ചുമതലയുണ്ടായിരുന്ന രാജീവ് സത്വയുടെ മരണത്തോടെ ഒഴിവ് വന്ന തസ്തികയും നികത്തും.
അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഓഗസ്റ്റിന് മുന്‍പ് ജനറല്‍ സെക്രട്ടറി പദവിയില്‍ അഴിച്ചു പണിയുണ്ടാകും. എന്നാല്‍, അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ലോക്സഭാകക്ഷി നേതൃസ്ഥാനത്ത് ആരെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. ഗ്രൂപ്പ് 23 നേതാക്കളായ ശശി തരൂരിനെയോ, മനീഷ് തിവാരിയെയോ ആ പദവിയിലേക്ക് കൊണ്ടുവരുന്നതില്‍ ഒരു വിഭാഗത്തിന് താല്പര്യവുമില്ല.
Most Read: ‘മാണി അഴിമതിക്കാരൻ’; പരാമർശത്തിൽ സർക്കാർ വിശദീകരണം തേടണമെന്ന് കേരളാ കോണ്‍ഗ്രസ് എം








































