റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ കൊളംബിയയെ തകർത്ത് അർജന്റീന ഫൈനലിൽ. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയതോടെ അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് കിക്കുകൾ ലക്ഷ്യത്തിൽ എത്തിച്ചാണ് മെസിയുടെ സംഘം ഫൈനൽ യോഗ്യത നേടിയത്. ഇതോടെ ലോകം കാത്തിരുന്ന അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനലിലാണ് കോപ്പയിൽ അരങ്ങൊരുങ്ങുന്നത്.
ആദ്യ പകുതിയിൽ തന്നെ ഗോൾ നേടി അർജന്റീന നയം വ്യക്തമാക്കിയിരുന്നു. ഏഴാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ലോ സെല്‍സോ ബോക്സിലേക്ക് നല്കിയ ഒരു ത്രൂബോളില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പിന്നീട് ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ നില മാറ്റമില്ലാതെ തുടർന്നു.
രണ്ടാം പകുതിയിൽ സമനില ഗോളിനായി കൊളംബിയ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ അതിനായി അവർക്ക് 61ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ലൂയീസ് ഡയസിലൂടെ അവർ ഒപ്പമെത്തി. പലവട്ടം കൊളംബിയൻ മുന്നേറ്റം തടഞ്ഞ അർജന്റീനയുടെ കരുത്തനായ ഗോൾകീപ്പർ മാർട്ടിനെസിന് ഡയസിന്റെ ഷോട്ടിന് മറുപടി ഉണ്ടായിരുന്നില്ല.
പിന്നീട് വിജയഗോളിനായി ഇരുടീമുകളും ശക്തമായ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ ഡേവിസൺ സാഞ്ചസിന്റെ കിക്ക് തടഞ്ഞ് അർജന്റീനയുടെ ഗോൾകീപ്പർ മാർട്ടിനെസ് തന്റെ ടീമിന് ആദ്യ മുൻതൂക്കം നൽകി. കാർഡോണയുടെ കിക്ക് കൂടി മാർട്ടിനെസ് തടഞ്ഞതോടെ അർജന്റീന ഫൈനലിലേക്ക് മുന്നേറി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഉഗ്രൻ പ്രകടനം പുറത്തെടുത്ത മാർട്ടിനെസ് തന്നെയാണ് അർജന്റീനയുടെ വിജയശിൽപി.
Read Also: അമിത് നായകനാകുന്ന ജിബൂട്ടി; ഫ്രഞ്ച് ഉൾപ്പെടെ ആറ് ഭാഷകളിൽ റിലീസാകും








































