അമിത് നായകനാകുന്ന ജിബൂട്ടി; ഫ്രഞ്ച് ഉൾപ്പെടെ ആറ് ഭാഷകളിൽ റിലീസാകും

By Siva Prasad, Special Correspondent (Film)
  • Follow author on
Ajwa Travels

ജനപ്രിയ പരമ്പര ഉപ്പും മുളകും സംവിധായകൻ എസ്‌ജെ സിനു അമിത് ചക്കാലക്കലിനെ നായകനാക്കി ഒരുക്കുന്ന ‘ജിബൂട്ടി’ റിലീസിന് തയ്യാറായികഴിഞ്ഞു. പ്രണയത്തിനും വൈൽഡ് ആൻഡ് റോ ആക്ഷനും പ്രാധാന്യം നൽകി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥയും എസ്ജെ സിനു തന്നെയാണ് എഴുതിയിരിക്കുന്നത്.

പ്രമുഖ അറേബ്യൻ-ആഫ്രിക്കൻ മലയാളി വ്യവസായി ജോബി പി സാം നിർമിക്കുന്ന ഈ ചിത്രം ജിബൂട്ടി എന്ന പേരുകൊണ്ടാണ് ആദ്യം ആസ്വാദക ശ്രദ്ധ നേടിയത്. ജിബൂട്ടി (Djibouti) എന്നത് ഒരു രാജ്യത്തിന്റെ പേരാണ്. ഫ്രഞ്ചും അറബിക്കും സംസാരിക്കുന്ന ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ അറിയപ്പെടുന്ന ബിസിനസുകാരിൽ ഒരാളാണ് ചിത്രത്തിന്റെ നിർമാതാവായ ജോബി പി സാം.

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കേ മുനമ്പിലുള്ള ജിബൂട്ടി, എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവയുടെ അയൽ‌രാജ്യങ്ങളാണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്‌ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു. ഇസ്‌മാഈൽ ഒമർ പ്രസിഡണ്ടും അബ്‌ദുൽ കാദർ കാമിൽ മുഹമദ് പ്രധാനമന്ത്രിയുമായ ഈ രാജ്യത്തിനെ പകർത്തുന്ന ചിത്രം കൂടിയായിരിക്കും ജിബൂട്ടി.

അമിത് ചക്കാലക്കൽ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന മമ്മുട്ടി ദി ബെസ്‌റ്റ് ആക്‌ടർ റിയാലിറ്റിഷോയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച അമിത്, മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്‌ത ABCD എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്‌തു കൊണ്ടാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്.

Djibouti _ Amith Chakalakkal and Shagun Jaswal
ജിബൂട്ടിയിൽ അമിത്തും ശഗുൻ ജസ്‌വാളും

ഹണീബീ എന്ന സിനിമയിലൂടെ കാരക്‌ടർ റോൾ ചെയ്‌ത്‌ അഭിനയജീവിതത്തിൽ സജീവമായ അമിത് പിന്നീട്, ഇയ്യോബിന്റെ പുസ്‌തകം, സപ്‌തമശ്രീ തസ്‌ക്കര എന്നീ സിനിമകളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്‌തു.

C/O സൈറ ബാനു എന്ന ചിത്രത്തിൽ അമിത് അവതരിപ്പിച്ച പ്രിൻസ് ചക്കാലക്കൽ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടി. 2018ൽ ഇറങ്ങിയ മെല്ലെ എന്ന ചിത്രത്തിലാണ് അമിത് ആദ്യമായി നായക വേഷം ചെയ്യുന്നത്. 2019ൽ വാരിക്കുഴിയിലെ കൊലപാതകം, യുവ എന്നീ ചിത്രങ്ങളിലും നായകനായി അഭിനയിച്ചു.

Djibouti _ Amith Chakalakkal and Shagun Jaswal
അമിത്തും ശഗുൻ ജസ്‌വാളും

ജിബൂട്ടിയിലെ ശക്‌തമായ, അഭിനയ മുഹൂർത്തങ്ങളുള്ള നായകവേഷം പാൻ ഇന്ത്യാ അഭിനേതാക്കളുടെ നിരയിലേക്ക് ഉയരാനുള്ള സാധ്യതയാണ് അമിതിന് മുന്നിൽ തുറക്കുന്നത്. ഫേസ്ബുക്കിലും യുട്യൂബിലുമായി 20 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞ ജിബൂട്ടിയുടെ ഒഫീഷ്യൽ ടീസറിന് ലഭിക്കുന്ന പ്രതികരണം ഈ സാധ്യതക്ക് അടിവരയിടുന്നുണ്ട്.

ആറുഭാഷകളിൽ ജിബൂട്ടി റിലീസ്; ടീസർ റിലീസ് ചരിത്രം

Joby P Sam Djibouti - Producer of Djibouti Movie
നിർമാതാവ് ജോബി പി സാം

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഈ ചിത്രം ആറുഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. റൊമാന്‍സിനൊപ്പം വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഇന്ത്യന്‍ ഭാഷകളായ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമേ ജിബൂട്ടിയിലെ ജനതയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായ ഫ്രഞ്ച് ഭാഷയിലും ഇറക്കുന്നുണ്ട്.

അഫ്‌സൽ കരുനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന സിനിമയുടെ ടീസർ, ജിബൂട്ടിയുടെ പ്രധാനമന്ത്രിയാണ് പുറത്തിറക്കിയത്. ഒരു മലയാള സിനിമയുടെ ടീസർ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പുറത്തിറക്കിയത് ചരിത്രത്തിൽ ആദ്യമായിരുന്നു. ടീസർ ഇവിടെ കാണാം:

അമിത് ചക്കാലക്കലിന് നായികയായി പ്രമുഖ ബോളിവുഡ് താരം ശഗുൻ ജസ്‌വാൾ ആണ് എത്തുന്നത്. തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം, ബേബി ജോർജ്, പൗളി വൽസൻ, അഞ്‌ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങിയ അഭിനേതാക്കളും ജിബൂട്ടിക്ക് കരുത്തുപകരുന്നു. സിനിമയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് എംആർ പ്രൊഫഷണൽ ആണ് കൈകാര്യം ചെയ്യുന്നത്.

uppum mulakum director sj sinu
സംവിധായകൻ എസ്‌ജെ സിനു

കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു. ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം ടിഡി ശ്രീനിവാസ്‌, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്‌ജയ്‌ പടിയൂർ, വസ്‌ത്രാലങ്കാരം ശരണ്യ ജീബു, സ്‌റ്റിൽസ് രാംദാസ്‌ മാത്തൂർ, സ്‌റ്റണ്ട് വിക്കി മാസ്‌റ്റർ, റൺ രവി, മാഫിയ ശശി, ഡിസൈൻസ്‌ സനൂപ്‌ ഇസി എന്നിവരുമാണ് നിർവഹിക്കുന്നത്.

Most Read: ‘ട്വെൽത് മാൻ’; ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE