കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഫൗസിയ ഹസൻ ഹൈക്കോടതിയിൽ. മറിയം റഷീദക്ക് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ പോലീസ് ഉദ്യോഗസ്‌ഥരുമായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതി മുൻ ഐബി ഉദ്യോഗസ്‌ഥൻ വികെ ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയത്. പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് ഫൗസിയ ഹസന്റെ ഹരജിയിലെ ആവശ്യം. കേസിലെ നിര്‍ണായക കണ്ണികളാണ് ഇവരെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. മറിയം റഷീദയും നമ്പി നാരായണനും ഇതേകാര്യം വ്യക്‌തമാക്കിയിരുന്നു.
അതേസമയം സിബിഐയും ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. കേസില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം.
എന്നാൽ, സിബിഐ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാറാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതികൾ സമർപ്പിച്ച ജാമ്യഹരജിയിൽ പറയുന്നത്. നിലവിലെ ആരോപണങ്ങളെല്ലാം വർഷങ്ങൾക്കു ശേഷം ഉണ്ടായതാണെന്നും ഇത് സംശയം ജനിപ്പിക്കുന്നതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. കൂടാതെ ചാരക്കേസ് സമയത്ത് മജിസ്‌ട്രേറ്റ് മുൻപാകെ നൽകിയ മൊഴികളിൽ പോലീസിനെതിരെ നമ്പി നാരായണൻ അടക്കമുള്ളവർ പരാതികളൊന്നും നൽകിയിട്ടില്ലെന്നും ഹരജിയിൽ വ്യക്‌തമാക്കുന്നു.
ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പോലീസ്, ഐബി ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്‌ഥരെ പ്രതിയാക്കിയാണ് എഫ്ഐആർ നൽകിയത്.
സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്‌ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.
Most Read: സ്‌ത്രീധനം ഇസ്‌ലാമിക വിരുദ്ധം; എസ്‌എസ്‌എഫ് ‘പ്രൊഫ്‌സമ്മിറ്റ്’ വേദിയിൽ കാന്തപുരം








































