ഇംഫാൽ: മണിപ്പൂർ കോൺഗ്രസിൽ പ്രതിസന്ധി. പിസിസി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം അടക്കം 8 എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. രാജിവെച്ച എംഎൽഎമാരും പിസിസി അധ്യക്ഷനും ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് വിവരം.
മുൻ മന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഗോവിന്ദാസ് കൊന്ദോജം കഴിഞ്ഞ ഡിസംബറിലാണ് പിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. മണിപ്പൂരിൽ അറുപതംഗ നിയമസഭയിൽ 36 അംഗങ്ങളുടെ പിൻബലത്തോടെ എൻഡിഎയാണ് ഭരണത്തിൽ. 21 എംഎൽഎമാരുടെ മാത്രം പിന്തുണ ഉണ്ടായിരുന്ന ബിജെപി പ്രാദേശിക പാർട്ടികളുടെ പിൻബലത്തോടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 28 എംഎൽഎമാരായിരുന്നു അന്ന് കോൺഗ്രസിനുണ്ടായിരുന്നത്. എന്നാൽ പ്രാദേശിക പാർട്ടികളുടെ പിൻബലത്തിലൂടെ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മണിപ്പൂർ പിസിസിയിൽ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
Read Also: സംസ്ഥാനത്തെ ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്







































