കാസർഗോഡ്: പേപ്പട്ടിയുടെ കടിയേറ്റ് ഒമ്പത് വയസുകാരൻ ഉൾപ്പടെ നാലു പേർക്ക് പരിക്ക്. ആക്രമണത്തിൽ ഒമ്പത് വയസുകാരന്റെ കൈവിരൽ പേപ്പട്ടി കടിച്ചെടുത്തു. കൊവ്വൽ സ്റ്റോറിലെ ശശിയുടെ മകൻ ദേവദർശിന്റെ കൈവിരലാണ് പേപ്പട്ടി കടിച്ചെടുത്ത്. ബുധനാഴ്ച രാവിലെ 10 മണിയോടെ കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ എന്നീ ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് നേരെ പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുവിക്കര സ്വദേശി മൻസൂർ(46), ചെറുവത്തൂരിലെ ലോഹിതാക്ഷൻ(45), അരുവിക്കരയിലെ ഷാലുപ്രിയ(20) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. പുതിയകോട്ടയിലും രണ്ട് പേർക്ക് കടിയേറ്റതായി നാട്ടുകാർ പറഞ്ഞു.
കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ശല്യം രൂക്ഷമാണ്. മിനി സ്റ്റേഷൻ പരിസരത്ത് ഇവയുടെ ഒരു താവളം തന്നെ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഏറെ ഭീതിയോടെയാണ് ആളുകൾ ഇപ്പോൾ പുറത്തേക്ക് ഇറങ്ങുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Also: സ്വർണക്കടത്ത്; കൂട്ടുനിന്ന 3 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു






































