മലപ്പുറം: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഫറോക്ക് പെരുമുഖം പുത്തൂർ വീട്ടിൽ ഷാജിയെയാണ് ഭാര്യ ഷൈനിയെ വധിച്ച കേസിൽ മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്.
2013 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവുമായി പിണങ്ങി മൂന്നു വർഷത്തോളമായി ഷൈനി സ്വന്തം വീട്ടിലായിരുന്നു താമസം. പിന്നീട് ഷൈനി വിവാഹ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനെ സമീപിച്ചു. ഇതറിഞ്ഞ പ്രതി ഷൈനിയുടെ വീട്ടിലെത്തി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
ആക്രമണത്തിൽ 56 മുറിവുകളാണ് ഷൈനിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഷൈനിയെ രക്ഷിക്കാൻ ശ്രമിച്ച ഷൈനിയുടെ മാതാവിനും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം പ്രതിക്ക് കോടതി ചുമത്തിയ 75000 രൂപ അടച്ചാൽ അത് പ്രതിയുടെ ആറു വയസുകാരിയായ മകൾക്ക് വിദ്യാഭ്യാസത്തിന് നൽകണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം പ്രതി തുക അടച്ചില്ലെങ്കിൽ മൂന്നു വർഷം കൂടി കഠിനതടവ് അധികമായി അനുഭവിക്കണം.
പ്രതിക്കെതിരെ മറ്റൊരു വകുപ്പിൽ നാലു വർഷം തടവും 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ കാണണമെന്ന് കോടതിയിൽ അറിയിച്ചെങ്കിലും പിതാവിനെ കാണാൻ താൽപര്യമില്ലെന്ന് കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.
Malabar News: അമ്പലപ്പാറയിലെ ഫാക്ടറിയിൽ തീപിടുത്തം; ദുരൂഹതകളില്ലെന്ന് പോലീസ്







































