കൊല്ലങ്കോട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയിറങ്ങിയതോടെ വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. നെൻമേനിക്കടുത്തെ കൊങ്ങൻചാത്തിയിലും കണ്ണൻകോളുമ്പ് മേഖലയിലുമാണ് പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് കണ്ണൻകോളുമ്പിൽ ക്യാമറകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി തെരുവ് നായകളെ പിന്തുടരുന്ന പുലിയെ ജനവാസ മേഖലയിൽ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച കണ്ണൻകൊളുമ്പ് സ്വദേശിയുടെ പുരയിടത്തിലും കഴിഞ്ഞ ആഴ്ച പ്രദേശത്തെ ഒരു ചായക്കടയുടെ പരിസരത്തും പുലിയെ കണ്ടിരുന്നു. വനഭൂമിയിൽ നിന്ന് മാറി ജനവാസ കേന്ദ്രങ്ങളിലാണ് ഇപ്പോൾ ജനങ്ങളുടെ ജീവന് ഭീഷണിയായി പുലി ഇറങ്ങുന്നത്.
ഒരു മാസം മുൻപ് മരുതിപ്പാറ, ചേകോൽ പ്രദേശങ്ങളിലും കമ്പനിക്കോട്ടിലും പുലി ആടുകളെയും വളർത്തു നായകളെയും കൊന്നതിനെ തുടർന്ന് നാല് ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ദൃശ്യം പതിയാതായതോടെ വനംവകുപ്പ് ക്യാമറകൾ മാറ്റിയിരുന്നു. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ എല്ലാ പ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: ഓഫിസുകളിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർ ഇനി മുതൽ പ്രതിരോധ പ്രവർത്തനത്തിൽ; കളക്ടരുടെ ഉത്തരവ്







































