കോഴിക്കോട്: സി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ കടകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിൽ നിന്ന് അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. കോവിഡ് പോസിറ്റീവ് നിരക്കിന്റെ അടിസ്‌ഥാനത്തിൽ സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിലെ കടകൾ ആഴ്‌ചയിൽ അഞ്ചു ദിവസം തുറക്കാനാണ് അനുമതി തേടുന്നത്. ഇത് സംബന്ധിച്ച് സർക്കാറിന് മുൻപാകെ എത്രയും പെട്ടെന്ന് ശുപാർശ സമർപ്പിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ് പറഞ്ഞു.
നിലവിൽ സി വിഭാഗത്തിൽ തുടരുന്ന കോഴിക്കോട് നഗരത്തിൽ വെള്ളിയാഴ്‌ചകളിൽ മാത്രമാണ് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇത് നഗരത്തിൽ വൻ തിരക്കിന് ഇടയാക്കുകയാണെന്നും മേയർ പറഞ്ഞു. തിരക്കുകൾ കൂടിയാൽ കോവിഡ് അതിവേഗം വ്യാപിക്കുമെന്നും, സാമൂഹിക അകലം പാലിക്കാതെയുള്ള നിയമ ലംഘനങ്ങൾ ഉൾപ്പടെ നഗരത്തിൽ വർധിക്കുമെന്നും മേയർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി തേടുന്നത്.
സമ്പൂർണ ലോക്ക്‌ഡൗൺ ഉള്ള ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിൽ കർശന പരിശോധന നടക്കുന്നുണ്ട്. കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഡിയുടെ സാന്നിധ്യത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് കടകൾ തുറക്കാനുള്ള അനുമതി സംബന്ധിച്ച തീരുമാനം എടുത്തത്.
Read Also: കോവിഡ് നിയമ ലംഘനം; ജില്ലയിൽ രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 3,117 കേസുകൾ




































