കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിലെ അജന്ത സ്‌റ്റുഡിയോയിൽ ലഹരി മാഫിയ നടത്തിയ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. 5 അംഗ സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്‌തമാക്കി. 5 അംഗ സംഘം സ്‌ഥാപനത്തിൽ കയറി ആക്രമണം നടത്തിയെന്ന സ്‌റ്റുഡിയോ ഉടമയുടെ പരാതിയെതുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സംഘം ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനാണ് ഐക്കരപ്പടി പള്ളിയാളി ഇല്ലത്തുപടി അനീഷ് കുമാറിന്റെ ഉടമസ്‌ഥതയിലുള്ള അജന്ത സ്‌റ്റുഡിയോ സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സംഭവത്തിൽ ഉടമയുടെ കൈവശമുള്ള ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനാണ് പോലീസിന്റെ നീക്കം.
മേഖലയിൽ സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്ന സംഘമാണിവരെന്ന് പോലീസ് പറഞ്ഞു. നേരത്തെ കൊലപാതകം, പിടിച്ചുപറി കേസുകളിലെ പ്രതികളായ സംഘത്തിലെ മൂന്നുപേരെയാണ് തിരിച്ചറിഞ്ഞത്. അതേസമയം, ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോഴിക്കോട് സിറ്റി സൗത്ത് മേഖലാ കമ്മിറ്റി സംഭവത്തിൽ പ്രതിഷേധിച്ചു. ആക്രമികളെ ഉടൻ പിടികൂടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
Read Also: കോട്ടപ്പടിയിലെ അത്യാധുനിക കോവിഡ് വെന്റിലേറ്റർ യൂണിറ്റ്; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല




































