എലത്തൂർ: പെരുന്തിരുത്തിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ ഗതാഗത യോഗ്യമായ വലിയ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നിലവിൽ ഇരുമ്പു ഷീറ്റ് കൊണ്ട് നിർമിച്ച നടപ്പാലമാണ് ഇവിടെ ഉള്ളത്. പെരുന്തിരുത്തി, പൂളാടിക്കുന്ന്, ചെട്ടികുളം പ്രദേശങ്ങളിലെ ആളുകൾ ആശ്രയിക്കുന്ന പാലമാണിത്.
നേരത്തേ സംസ്‌ഥാന ബജറ്റിൽ 20 കോടി രൂപ പാലത്തിനായി വകയിരുത്തിയിട്ടുണ്ട്. എന്നാൽ, തുടർനടപടികൾ ഒന്നും തന്നെ തുടങ്ങിയിരുന്നില്ല. നിലവിലെ നടപ്പാത അപകടാവസ്‌ഥയിൽ ആയതോടെയാണ് പുതിയ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. പുതിയ പാലം നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പെരുന്തിരുത്തി, പൂളാടിക്കുന്ന്, ചെട്ടികുളം പ്രദേശങ്ങളിലെ ആളുകൾ കാൽനട യാത്രയ്ക്കായി ഉപയോഗിക്കുന്ന ഫലമാണിത്. പാലത്തിനോട് ചേർന്ന് ഏഴര മീറ്റർ വീതിയും, 150 മീറ്റർ നീളത്തിലുമായി ഇരു ഭാഗത്തുമായി റോഡും വേണം. പെരുന്തിരുത്തിയിൽ വലിയ പാലം വന്നാൽ ചെട്ടികുളം ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ പൂളാടിക്കുന്ന് ഭാഗത്ത് എത്താനാകും. കണ്ണൂർ പുതിയങ്ങാടി-ഉള്ളിയേരി സംസ്‌ഥാന പാതയുമായി ബന്ധിപ്പിക്കാനും പാലം വരുന്നതോടെ കഴിയുമെന്ന് നാട്ടുകാർ പറഞ്ഞു.
Read Also: സ്‌ത്രീ സുരക്ഷയുമായി ‘കനൽ’; ഇതുവരെ പങ്കാളികളായത് 138 കോളേജുകൾ







































