ഹരിദ്വാർ: ടോക്യോ ഒളിമ്പിക്സിക്സ് വനിതാ ഹോക്കി സെമി ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ താരം വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ വംശീയാധിക്ഷേപം. ബുധനാഴ്ച നടന്ന സെമി ഫൈനൽ മൽസരത്തിൽ അർജന്റീനയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ ജാതീയമായി രണ്ടുപേർ ചേർന്ന് അധിക്ഷേപിച്ചത്. ഇവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മൽസരം അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷം, ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കട്ടാരിയയുടെ ഹരിദ്വാറിലെ റോഷിദാബാദ് ഗ്രാമത്തിലെ വീടിന് മുന്നിൽ മേൽജാതിയിൽപെട്ട രണ്ട് യുവാക്കൾ പടക്കം പൊട്ടിച്ച് പരിഹാസ രീതിയിൽ നൃത്തം ചെയ്യുകയും കുടുംബത്തിന് നേരെ ജാതി അധിക്ഷേപം നടത്തുകയും ആയിരുന്നു.
കൂടുതൽ ദളിതർ ടീമിലുള്ളതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ഇവർ പറഞ്ഞതായി കുടുംബം പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഹോക്കി മാത്രമല്ല എല്ലാ കായിക ഇനത്തിൽ നിന്നും ദളിതരെ അകറ്റി നിർത്തണമെന്നും ഇവർ പറഞ്ഞതായി വന്ദനയുടെ സഹോദരൻ ശേഖർ വ്യക്തമാക്കി.
‘തോൽവിയിൽ ഞങ്ങൾ അസ്വസ്ഥരായിരുന്നു. എന്നാൽ ടീം പൊരുതിയാണ് തോറ്റത്. ഇതുവരെ എത്തിയതിൽ അഭിമാനിക്കുന്നു,’ ശേഖർ കൂട്ടിച്ചേർത്തു.
പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
Most Read: മരിച്ച വ്യക്തികളുടെ ആധാർ റദ്ദാക്കാൻ നിയമഭേദഗതി വരുന്നു







































