മലപ്പുറം: കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും വീണ്ടും പൊന്നാനി അഴിമുഖത്ത് തള്ളാൻ നീക്കം. ചെളിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പകർച്ചവ്യാധി ഭീഷണി നേരിടുന്ന തീരദേശത്ത് കനാൽ മാലിന്യം തള്ളാൻ അധികൃതർ ശ്രമം നടത്തുന്നതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അഴിമുഖത്ത് പഴയ ജങ്കാർ റോഡിനരികിലായാണ് മാലിന്യം തള്ളാൻ ശ്രമം നടത്തിയത്. ഒരാഴ്ച മുൻപ് ഇവിടെ 15 ലോഡ് മാലിന്യം തള്ളിയിരുന്നു.
നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ അന്ന് മാലിന്യം തള്ളൽ അവസാനിപ്പിച്ചെങ്കിലും ദിവസങ്ങൾക്കു ശേഷം വീണ്ടും മാലിന്യം അഴിമുഖത്തേക്ക് എത്തി. മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞതോടെ സ്ഥലത്ത് പോലീസെത്തി. സംഭവത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ മാലിന്യം തള്ളാൻ പാടില്ലെന്ന് നിർദ്ദേശിച്ചു.
കടലോരത്ത് മാലിന്യം തള്ളാൻ അധികൃതർ അനുമതി നൽകിയത് കുറ്റകരമാണെന്നും ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കനോലി കനാലിൽ 80 സെന്റീമീറ്റർ വരെ ആഴം കൂട്ടുന്നതിനായുള്ള നിർമാണം പുരോഗമിച്ചു വരികയാണ്. അണ്ടത്തോട് മുതൽ ഭാരതപ്പുഴ വരെ കനാൽ ഭാഗങ്ങളിൽ നിന്ന് കോരിയെടുക്കുന്ന മാലിന്യമാണ് അഴിമുഖത്തേക്ക് കൊണ്ടുവന്നു തള്ളാൻ ശ്രമം നടക്കുന്നത്.
Malabar News: വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധം






































