അബുദാബി: സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും അധ്യാപകരും രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി അബുദാബി. സ്‌കൂളുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കുമ്പോൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയാണ് പ്രധാനമെന്നും, അതിനാലാണ് രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ഹാജരാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നതെന്നും അധികൃതർ വ്യക്‌തമാക്കി. എന്നാൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഇതിൽ ഇളവ് ലഭിക്കും.
അതേസമയം 16 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. എന്നാൽ വാക്‌സിൻ എടുക്കുന്നതിൽ ഇളവ് ലഭിച്ച കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. 3 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. കൂടാതെ രക്ഷിതാക്കൾക്ക് സ്‌കൂളുകളിൽ എത്തണമെങ്കിൽ വാക്‌സിൻ എടുക്കുകയും, 96 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ഫലം ഹാജരാക്കുകയും വേണം. നിലവിൽ അബുദാബിയിലെ സ്വകാര്യ സ്‍കൂളുകളിലെ 89 ശതമാനം ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
Read also: പ്ളസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ തീയതി മാറ്റി








































