ന്യൂഡെല്‍ഹി: കാബൂളില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കുന്നതിൽ മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്. അഫ്ഗാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി മാദ്ധ്യമങ്ങളോട് പറഞ്ഞു.
“അഫ്ഗാനിലെ സിഖ്, ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികളുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാന് വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കും”- അരിന്ദം ബാഗ്ചി പറഞ്ഞു.
ഇന്ത്യയുടെ വിവിധ പദ്ധതികളിലും പരസ്പരമുള്ള വികസന, വിദ്യാഭ്യാസ നേട്ടങ്ങളിലും പങ്കാളികളായ അഫ്ഗാനികളുണ്ട്. ഞങ്ങൾ അവർക്കൊപ്പം നിൽക്കും. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള കമേഴ്സ്യൽ വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. വിമാനത്താവള പ്രവർത്തനം പൂർവസ്ഥിതിയിലായാൽ തിരികെയെത്തിക്കൽ തുടരുമെന്നും ബാഗ്ചി വ്യക്തമാക്കി.
അതേസമയം, അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ ലോകരാജ്യങ്ങൾ തയാറാകണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചിരുന്നു. അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്നവർക്ക് താൽക്കാലിക അഭയമൊരുക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ രാജ്യങ്ങളായ അൽബേനിയയും കൊസോവോയും പ്രഖ്യാപിച്ചിരുന്നു.
Read also: സിദ്ദീഖിന് എതിരെ വീണ്ടും അന്വേഷണം; ആവശ്യം തള്ളി കോടതി










































