ഇടുക്കി: ചേറ്റുകുഴിയിൽ ടിപ്പർ ലോറി ഇടിച്ചു മരിച്ച രണ്ടു വയസുകാരന്റെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്യും. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം സ്വദേശികളാണ് ഇവർ.
കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്‌റ്റ് പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് പോസ്‌റ്റ്‌മോർട്ടം നടക്കുക. കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയതായി പരിശോധനയിൽ കണ്ടെത്തി.
കേസിൽ ലോറി ഡ്രൈവർ മനോജ് മാത്യുവിനെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. കുഞ്ഞ് ലോറിക്കു പുറകിൽ നിന്നിരുന്നത് കണ്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാൾ പറഞ്ഞത്. അതിനാൽ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്. റോഡിന് സമീപത്തു നിന്ന കുട്ടിയെ, സിമന്റ് കട്ട കയറ്റി പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോകുകയും ചെയ്‌തു. പിന്നീട് കുട്ടിയെയുമായി അമ്മയും ബന്ധുവും റോഡിലെത്തി അതുവഴി എത്തിയ മറ്റൊരു ലോറിയിൽ കയറ്റിയാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ഇവിടെ നിന്നും മതിയായ ചികിത്സ ലഭിച്ചില്ല. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
Most Read: ഡോ.രാംലാലിനെ നീക്കി; ആലപ്പുഴ മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ട്








































