ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ സംഘം പരിശോധന നടത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. താലിബാൻ അധികാരം കൈയ്യേറിയതോടെ അടച്ചിട്ട ഇന്ത്യൻ എംബസികളിലാണ് തിരച്ചിൽ നടത്തിയത്. കൂടാതെ എംബസികൾക്ക് പുറത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ താലിബാൻ സംഘം കടത്തിക്കൊണ്ട് പോകുകയും ചെയ്‌തു.
അഫ്‌ഗാനിലെ കാണ്ഡഹാർ, ഹെറാത്ത് എന്നിവിടങ്ങളിൽ ഉള്ള ഇന്ത്യൻ എംബസികളിലാണ് താലിബാൻ സംഘം പരിശോധന നടത്തിയത്. ഇവിടങ്ങളിൽ എന്തെങ്കിലും രേഖകൾ അവശേഷിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ഉദ്ദേശമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കി. കാബൂളിലെ എംബസിക്ക് പുറമേ കാണ്ടഹാര്‍, ഹെറാത്ത്, മസാരെ ഷെരീഫ് എന്നിവിടങ്ങളിലാണ് ഇന്ത്യയ്‌ക്ക് കോണ്‍സുലേറ്റുകൾ ഉള്ളത്.
അതേസമയം അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ വ്യോമസേനയുടെ സി 17 ഗ്‌ളോബ്മാസ്‌റ്റര്‍ വിമാനം കാബൂൾ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഇതിൽ മലയാളികളടക്കമുള്ള യാത്രക്കാരെ ഇന്ന് ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഗുരുദ്വാരയിൽ കുടുങ്ങിയ 70ഓളം ഇന്ത്യക്കാരെ നിലവിൽ കാബൂളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെയും ഉടൻ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Read also: ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാബൂളിൽ; പ്രതീക്ഷയോടെ നിരവധി പേർ







































