കാബൂൾ: താലിബാൻ ഭീകരതയിൽ നിന്ന് രക്ഷതേടി അഫ്‌ഗാൻ ജനത കൂട്ടപ്പലായനം തുടരുകയാണ്. അഭയാർഥികളെ സ്വീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചിരിക്കുകയാണ് അമേരിക്ക.
പന്ത്രണ്ട് രാജ്യങ്ങൾ അഫ്‌ഗാനികൾക്ക് താൽകാലിക അഭയം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. 5000 പേർക്ക് പത്ത് ദിവസത്തേക്ക് താൽകാലിക അഭയം നൽകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും വ്യക്‌തമാക്കി. അടുത്ത ദിവസങ്ങളിലായി കാബൂളിൽ നിന്നും യുഎസ് വിമാനത്തിൽ ആളുകളെ യുഎഇയിൽ എത്തിക്കും.
അമേരിക്കയുടെ അഭ്യർഥന പ്രകാരം ജർമനിയും ഇറ്റലിയും യുകെയും അടക്കമുള്ള രാജ്യങ്ങൾ രക്ഷാദൗത്യവുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നു. ഖത്തറിലെ യുഎസ് വ്യോമതാവളം ആളുകളെ കൊണ്ട് നിറഞ്ഞതിനെ തുടർന്ന് ആറുമണിക്കൂറോളം രക്ഷാദൗത്യം നിർത്തിവെച്ചിരുന്നു.
ദൗത്യം തടസപ്പെടുത്തിയാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ താലിബാന് മുന്നറിയിപ്പ് നൽകി. അഫ്‌ഗാൻ രക്ഷാദൗത്യം ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ ഒന്നാണെന്നും ബൈഡൻ പറയുന്നു.
Also Read: ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ സാമ്രാജ്യങ്ങൾ ശാശ്വതമല്ല; പ്രധാനമന്ത്രി






































