മലപ്പുറം: ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. വീരകുമാർ (33), മുത്തു സരുൺ (32), രാഹുൽ (24), ജിബിൻ (28), എന്നിവരാണ് മലപ്പുറം ജില്ലയിലെ താനൂരിൽ അറസ്‌റ്റിലായത്. ഫോൺവിളികളായും സന്ദേശങ്ങളായും വൻ തുക കുറഞ്ഞ പലിശ നിരക്കിൽ വായ്‌പയായി വാഗ്‌ദാനം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. സംഘത്തിന്റെ തട്ടിപ്പിന് ഇരയായി താനൂർ സ്വദേശിക്ക് ലക്ഷങ്ങൾ നഷ്‌ടമായതോടെയാണ് ഇയാൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികൾ തമിഴ്‌നാട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട സ്വദേശികളാണ്. പ്രതിയായ വീരകുമാറാണ് വ്യാജമായി ആധാറും പാൻ കാർഡും നിർമിച്ച് ബെംഗളൂരുവിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. തുടർന്ന് ഇവർ പലരെയും ഫോൺ വിളിച്ച് വിശ്വാസ്യത നേടിയെടുക്കുന്ന തരത്തിൽ സംസാരിക്കും. പിന്നീട്, പ്രൊസസിംഗ് ചാർജ്, മുദ്രപത്രത്തിന്റെ ഫീസ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾ പറഞ്ഞ് വൻതുക തട്ടിയെടുക്കും. പണം ബാങ്ക് അക്കൗണ്ടിൽ എത്തിയാലുടൻ സിം മാറ്റുകയും ചെയ്യും.
ഇവരുടെ തട്ടിപ്പിന് ഇരയായ താനൂർ സ്വദേശിക്ക് 8.61 ലക്ഷം രൂപയാണ് നഷ്‌ടപെട്ടത്. അതേസമയം, പ്രതികളിൽ നിന്ന് 15 മൊബൈൽ ഫോൺ, 16 എടിഎം കാർഡ്, ബാങ്ക് രേഖകൾ, ആഡംബര കാർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപെട്ടവരിൽ ബിടെക് ബിരുദധാരിയും ഐടി വിദഗ്‌ധനും ഉൾപ്പെടും. ഡിവൈഎസ്‌പി എംഐ ഷാജിയും സംഘമാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
Read Also: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമാണം; ഒരാൾ പിടിയിൽ






































