ന്യൂഡെൽഹി: ഡിസിസി പുനഃസംഘടനയെ ചൊല്ലി പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്. കോൺഗ്രസ് പുനഃസംഘടനയിൽ ഗ്രൂപ്പുകളെ തഴഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നടപടിയിൽ പ്രതിഷേധമുള്ള ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡ് ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇരു നേതാക്കളുമായും ചർച്ച നടത്തി.
ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ അതൃപ്‌തി അറിയിച്ചിരുന്നു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണമെന്ന നിർദ്ദേശമാണ് ഹൈക്കമാൻഡ് പുതിയ നേതൃത്വത്തിന് നൽകിയിരുന്നത്. എന്നാൽ ഓരോ തീരുമാനത്തിലും മുതിർന്ന നേതാക്കളും പുതിയ നേതൃത്വവും ഏറ്റുമുട്ടുന്ന സ്‌ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഇതേത്തുടർന്നാണ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താൻ ഹൈക്കമാൻഡ് താരീഖ് അൻവറിനെ ചുമതലപ്പെടുത്തിയത്.
Most Read: വിവാദ പരാമർശം; കൊടിക്കുന്നിലിനെ തള്ളി വിഡി സതീശൻ






































