തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ സാധ്യതാപട്ടിക കൈമാറണമെന്ന കെപിസിസി പ്രസിഡണ്ടിന്റെ നിർദ്ദേശം ഭൂരിപക്ഷം ജില്ലകളും പാലിച്ചില്ല. ഇതേത്തുടർന്ന് പട്ടിക നൽകാൻ ഒരു ദിവസം കൂടി അനുവദിച്ചു. പല ജില്ലകളിലും പട്ടിക സംബന്ധിച്ച് തർക്കം തുടരുന്നതാണ് കാരണം. പ്രശ്‌നം സംസ്‌ഥാന തലത്തിൽ പരിഹരിക്കാമെന്നാണ് കെപിസിസി വെച്ച നിർദ്ദേശം.
ജില്ലകളിൽ 25 ഭാരവാഹികളെയും 26 എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതാ പട്ടികയാണ് കെപിസിസി ചോദിച്ചത്. ബ്ളോക്ക് പ്രസിഡണ്ടുമാരെയും കണ്ടെത്തണം. 125ലധികം പേരുണ്ടായിരുന്ന നിലവിലെ പട്ടികയാണ് ഇങ്ങനെ കുറക്കേണ്ടത്. ഇതിനായി താൽപര്യമുള്ളവരുടെ അപേക്ഷ ഉൾപ്പടെ സ്വീകരിച്ചു. 51 ഭാരവാഹികൾക്കായി വന്ന അപേക്ഷകളിൽ നിന്ന് നേതാക്കളുമായി ചർച്ച ചെയ്‌ത് പട്ടിക ചെറുതാക്കാൻ ശ്രമിക്കുകയാണ്.
ചില ജില്ലകളിൽ പ്രമുഖനേതാക്കൾ നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. ഭൂരിപക്ഷം ജില്ലകളിലും ഏകീകൃതപട്ടിക നൽകാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപരുത്ത് വിഎസ് ശിവകുമാർ, തമ്പാനൂർ രവി ഉൾപ്പടെ മുതിർന്ന നേതാക്കൾ നിർദ്ദേശങ്ങൾ പറഞ്ഞില്ല. ചുമതലയുള്ള ജനറൽ സെക്രട്ടറി തന്നെ സാധ്യാതപട്ടിക തയ്യാറാക്കട്ടെയെന്നാണ് കെസി വേണുഗോപാലിന് ഒപ്പമുള്ളവരുടെ നിർദ്ദേശം.
കൊല്ലത്തും പത്തനംതിട്ടയിലും 25 ഭാരവാഹികൾക്കായി അൻപതിലധികം പേരാണ് അപേക്ഷകർ. ആലപ്പുഴയിൽ പുതിയ ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ നേതാക്കളുമായി ചർച്ച നടത്തുകയാണ്. കോട്ടയത്തും ഇടുക്കിയിലും തൃശൂരും എറണാകുളത്തും നൂറിലധികം അപേക്ഷകരിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ സാധ്യതാപട്ടിക പൂർത്തിയായി.
എന്നാൽ തർക്കം തീർന്നില്ലെങ്കിലും എണ്ണം നോക്കാതെ സാധ്യാതപട്ടിക തരാനാണ് കെപിസിസി നിർദ്ദേശം. പ്രശ്‌നം തീർത്ത് അടുത്തയാഴ്‌ച പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. തിങ്കളാഴ്‌ച കെപിസിസി അധ്യക്ഷൻ സംസ്‌ഥാനത്ത് തിരിച്ചെത്തിയ ശേഷം മുതിർന്ന നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം.
Most Read: കള്ളന്റെ വക വീട്ടുടമക്ക് 15,000 രൂപ നഷ്‌ടപരിഹാരം; അമ്പരന്ന് പോലീസ്