സത്യസന്ധനായ കള്ളൻ, യുഎസിലെ ന്യൂ മെക്‌സിക്കോയിൽ നടന്ന സംഭവം കേട്ടവരെല്ലാം പറഞ്ഞത് ഇതാണ്. സംഭവം എന്താണെന്നല്ലേ? മോഷ്‌ടിക്കാൻ കയറിയ വീട്ടിൽ ഉടമയ്‌ക്ക് നഷ്‌ടപരിഹാരമായി പണം നൽകിയിരിക്കുകയാണ് ഒരു കക്ഷി. ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് ന്യൂ മെക്‌സിക്കോയിലെ ഒരു വീട്ടിൽ ജനാലകൾ തകർത്താണ് കള്ളൻ അകത്തുകയറിയത്. തകർന്ന ജനാലകൾക്ക് നഷ്‌ടപരിഹാരമെന്നോണം 200 ഡോളർ (ഏകദേശം 15000) രൂപയാണ് കള്ളൻ നൽകിയത്.
കവർച്ചക്കാരൻ ഒരു ഡഫൽ ബാഗും എആർ-15 റൈഫിളും കൈയിൽ കരുതിയാണ് വീട്ടിലേക്ക് കടന്നതെന്ന് പോലീസ് പറയുന്നു. മോഷ്‌ടിക്കാൻ തന്നെയാണ് ഇയാൾ അകത്ത് കയറിയതെന്ന് വ്യക്‌തമാണ്. എന്നാൽ, ആയുധങ്ങളുമായി അകത്ത് കടന്ന കള്ളൻ അതിന് തയ്യാറാകാതെ സ്വീകരണമുറിയിലെ കസേരയിൽ 200 ഡോളർ വീട്ടുടമയ്‌ക്ക് വേണ്ടി വെയ്‌ക്കുകയായിരുന്നു. കൂടെ ഒരു കുറിപ്പും ‘തകർന്ന ജനാലയുടെ പണം തിരികെ നൽകുന്നു’.
ആരെയും ഉപദ്രവിച്ചില്ലെങ്കിലും ഇയാൾ ഒരുപാട് നേരം വീടിനുള്ളിൽ ചെലവഴിച്ചു. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയും കുളിക്കുകയും മദ്യപിക്കുകയും ചെയ്‌തു. ഒടുവിൽ പോലീസ് എത്തിയപ്പോൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. പോലീസ് ചോദ്യം ചെയ്‌തപ്പോൾ മോഷണക്കുറ്റം ഇയാൾ സമ്മതിച്ചു. എന്നാൽ, നഷ്‌ടപരിഹാരം കിട്ടിയ വീട്ടുടമ ഇയാളെ ന്യായീകരിച്ച് രംഗത്തെത്തിയത് പോലീസുകാരെ അമ്പരപ്പിച്ചു.
34കാരനായ ടെറൽ ക്രിസ്‌റ്റെസൺ ആണ് ‘സത്യസന്ധനായ കള്ളൻ’ എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ വസ്‌തു വകകൾക്കുണ്ടാക്കിയ കേടുപാടുകൾ, മോഷണം തുടങ്ങിയ കുറ്റത്തിന് കേസെടുക്കുകയും ചെയ്‌തു.
Most Read: മനുഷ്യരെ കടത്തിവെട്ടും; താരമായി ഗോൾഫ് കാർട്ട് വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാൻ