ന്യൂഡെൽഹി: രാജ്യം ‘സർക്കാരി താലിബാന്റെ’ കൈകളിലാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിന്റെ പശ്ചാത്തലത്തിലാണ് ടികായത്തിന്റെ പ്രസ്താവന.
‘രാജ്യത്തെ സർക്കാരി താലിബാൻ കീഴടക്കിയിരിക്കുന്നു. അവരുടെ മേലാളൻമാർ ഇവിടെയുണ്ട്. അവരെ തിരഞ്ഞു കണ്ടുപിടിക്കണം. അവരിലൊരാളാണ് കർഷകരുടെ ശിരസ് തകർക്കാൻ ഉത്തരവിട്ടത്’. വാര്‍ത്താ ഏജന്‍സിയായ എഎൻഐ പങ്കുവച്ച വീഡിയോയിൽ ടികായത്ത് പറയുന്നു.
‘പ്രതിഷേധക്കാരുടെ തല തകർക്കൂ’ എന്ന് ആഹ്വാനം ചെയ്യുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയുഷ് സിൻഹയുടെ വിവാദ വീഡിയോയെ ഉദ്ദേശിച്ചായിരുന്നു ടികായത്തിന്റെ പരാമർശം. ടിക്കായത്തിന്റെ ട്വിറ്റർ പോസ്റ്റിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് ജനറൽ ഡയറിനോടും ഉപമിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വിളിച്ച ബിജെപി നേതാക്കളുടെ യോഗത്തിനെതിരേ ശനിയാഴ്ച കർഷകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ലാത്തി ചാര്‍ജിൽ പരിക്കേറ്റ സുശീൽ കാജൾ എന്ന കർഷകൻ ഇന്ന് മരിച്ചിരുന്നു. 10 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. സംഘർഷത്തിന് പിന്നാലെ നിരവധി കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read: മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ; പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി






































