തിരുവനന്തപുരം: സംസ്‌ഥാനത്ത് എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തി വരുന്ന 6ആം സെമസ്‌റ്റർ ബിടെക് പരീക്ഷകൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് മറ്റൊരു അവസരം നൽകുമെന്ന് സർവകലാശാല അധികൃതർ കോടതിയിൽ വ്യക്‌തമാക്കിയതിനെ തുടർന്നാണ് സുപ്രീം കോടതി പരീക്ഷകൾ തുടരാൻ അനുമതി നൽകിയത്.
കോവിഡ് ബാധ മൂലമോ, അനുബന്ധ പ്രശ്‌നങ്ങൾ കൊണ്ടോ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും, അത് അവരുടെ ആദ്യ ചാൻസ് ആയി പരിഗണിക്കുമെന്നുമാണ് സർവകലാശാല കോടതിയെ അറിയിച്ചത്. തുടർന്ന് നിലവിൽ നിശ്‌ചയിച്ച പോലെ പരീക്ഷകളുടെ നടത്തിപ്പ് തുടരാൻ കോടതി അനുമതി നൽകുകയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നിർത്തി വെക്കുകയോ, ഓൺലൈനായി നടത്തുകയോ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. വിവിധ എഞ്ചിനിയറിംഗ് കോളേജുകളിൽ നിന്നുമായി 29 ആറാം സെമസ്‌റ്റർ വിദ്യാർഥികളാണ് ഹരജി സമർപ്പിച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയും തള്ളിയിരുന്നു.
Read also: ഡിസിസി പുനഃസംഘടന; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തല





































