ചെന്നൈ: കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട് ചെയ്‌തതോടെ വാളയാർ അതിർത്തി വഴിയുള്ള യാത്രക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട്. പരിശോധനക്കായി അതിർത്തിയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂർ ജില്ലാ കളക്‌ടർ ജിഎസ് സമീരൻ അറിയിച്ചു.
അതിർത്തി കടക്കുന്ന വാഹനങ്ങളിൽ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും കളക്‌ടർ പറഞ്ഞു.
അതേസമയം, കൂടുതല്‍ പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറു പേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണം പ്രകടമായവരുടെ എണ്ണം എട്ടായി. ഈ എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്.
വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനു അസുഖം ബാധിച്ചതിന് നിപയുമായി ഒരു ബന്ധവുമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി. രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോ എന്നറിയാനും പരിശോധന തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തുന്നത്.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്‌ഥാനത്തെത്തും. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്‌ത്രജ്‌ഞരുടെ സംഘമാണ് കോഴിക്കോട് ജില്ലയിലെത്തുക. ഡോ റിമ ആര്‍ ആണ് വിദഗ്‌ധ സംഘത്തെ നയിക്കുന്നത്. നേരത്തെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള വിദഗ്‌ധർ രോഗം ബാധിച്ചു മരിച്ച കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. നിലവില്‍ രോഗ വ്യാപനം രൂക്ഷമല്ലെന്നാണ് ആദ്യ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.
Most Read: ‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി







































