കോഴിക്കോട്: നിപ വൈറസിന് ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ദേശീയ വൈദ്യശാസ്‌ത്ര ഗവേഷണ കൗൺസിൽ (ഐസിഎംആർ). 2018- 19 വർഷങ്ങളിൽ കേരളത്തിലുണ്ടായ നിപ ബാധയുടെ പശ്‌ചാത്തലത്തിലാണ് ഐസിഎംആറിന്റെ നിരീക്ഷണം. ഈ വർഷം ഫെബ്രുവരിയിൽ ബിഎംസി ഇൻഫെക്‌ഷ്യസ് ഡിസീസസ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഐസിഎംആർ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
നിലവിൽ സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഐസിഎംആറിന്റെ പഠനറിപ്പോർട്ടിന് പ്രസക്‌തി വർധിക്കുകയാണ്. നിപ വൈറസ് വാഹകരായ വവ്വാലുകൾ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം നിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2018ൽ കോഴിക്കോട് സ്‌ഥിരീകരിച്ച നിപ മനുഷ്യനിൽ എത്തിയത് വവ്വാലുകളിൽ നിന്ന് തന്നെയെന്ന് ഐസിഎംആർ 2019ൽ പുറത്തിറക്കിയ പഠനത്തിൽ വ്യക്‌തമാക്കിയിരുന്നു. 2019ൽ എറണാകുളത്ത് വിദ്യാർഥിക്ക് നിപ സ്‌ഥിരീകരിച്ച സംഭവത്തിലും പഴംതീനി വവ്വാലുകൾ തന്നെയാണ് രോഗവാഹകരെന്നും ഐസിഎംആർ കണ്ടെത്തി.
നിലവിൽ നിപയുമായി ബന്ധപെട്ട് ബംഗ്‌ളാദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്‌ളാദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമാണുള്ളത്. അതിനാൽ ദക്ഷിണേന്ത്യയിൽ നിപയുടെ പുതിയ വകഭേദം (ഇന്ത്യ ഐ) വ്യാപിക്കുന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
Also Read: ഓൺലൈൻ തട്ടിപ്പ്; സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നഷ്‌ടമായത് ഒരു ലക്ഷം രൂപ







































