വയനാട്: വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധവുമായി കേരളം. ‘പീക്ക് രക്ഷ എന്ന പേരിലുള്ള പദ്ധതി വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. നെൽവയലുകളും മറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചാണ് വന്യമൃഗങ്ങളെ തുരത്തുക. ഇത്തരം ലൈറ്റുകളുടെ ശക്തമായ പ്രകാശം വന്യമൃഗങ്ങളുടെ കണ്ണുകളിലേക്ക് അടിക്കുന്നത് മൂലം ആനകളടക്കം കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതെ തിരികെ പോകുമെന്നാണ് പദ്ധതി നടപ്പിലാക്കുന്നവർ അവകാശപ്പെടുന്നത്.
ഒഡിഷയുടെ വിവിധ ഇടങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വയനാട്ടിലും നടപ്പിലാക്കുന്നത്. നൂൽപ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന വടക്കനാടാണ് പദ്ധതി നടപ്പിലാക്കുന്നത്. ബത്തേരി താലൂക്കിൽ വന്യമൃഗശല്യം ഏറ്റവും കൂടുതൽ രൂക്ഷമായ പ്രദേശമാണ് വടക്കനാട്. വടക്കനാട് പള്ളിവയലിലെ അള്ളവയൽ ഭാഗത്ത് 40 മീറ്റർ ഇടവിട്ട് 28 എൽഇഡി ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എട്ടടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി ലൈറ്റുകൾ സോളാർ പാനലിലായിരിക്കും പ്രവർത്തിക്കുക.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ആദ്യഘട്ടമാണ് ലൈറ്റ് സ്ഥാപിക്കൽ. കൃഷിയിടങ്ങളിൽ കോലങ്ങൾ സ്ഥാപിക്കുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുക. കടുവ, നായ തുടങ്ങിയ മൃഗങ്ങളുടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് മൂന്നാം ഘട്ടത്തിൽ ചെയ്യുക. ആദ്യഘട്ട പ്രവർത്തനത്തിന് ഒരു ലക്ഷം രൂപയാണ് വയനാട്ടിൽ ചിലവായത്. പദ്ധതി വിജയിച്ചാൽ കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
Read Also: എയർ മാർഷൽ വിആർ ചൗധരി വ്യോമസേനാ മേധാവി





































