മലപ്പുറം: 2018-19 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് ഭാരതപ്പുഴ കവിഞ്ഞൊഴുകി കരയിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ കരിങ്കൽ ഭിത്തിയുടെ നിർമാണം ആരംഭിച്ചു. നിലവിൽ ഈശ്വരമംഗലം മേഖലയിലാണ് നിർമാണം ആരംഭിച്ചത്. രണ്ട് മീറ്റർ ഉയരത്തിലാണ് പാർശ്വഭിത്തി ഇപ്പോൾ നിർമിക്കുന്നത്.
വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് ഈശ്വരമംഗലം മേഖലയിൽ പലയിടങ്ങളിലും കരയിടിച്ചിൽ ഉണ്ടാകുകയും, തുടർന്ന് കരകവിഞ്ഞൊഴുകി പുഴയിലെ വെള്ളം ഈ മേഖലയിലേക്ക് ഇരച്ചു കയറുകയും ചെയ്‌തിരുന്നു. നൂറിലധികം വീടുകളിലാണ് അന്ന് വെള്ളം കയറിയത്. കൂടാതെ ഭാരതപ്പുഴയുടെ തീരത്തെ കർമ റോഡിൽ അന്ന് വെള്ളം കയറുകയും, റോഡിന്റെ പല ഭാഗങ്ങൾ തകരുകയും ചെയ്‌തിരുന്നു.
നിലവിൽ കർമ റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളും, ടാറിംഗും നടക്കുകയാണ്. ഇവ ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. കൂടാതെ പാർശ്വഭിത്തിയുടെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ കരയിടിച്ചിലിനും, പ്രദേശത്തേക്ക് വെള്ളം കയറുന്നതിനും ശാശ്വത പരിഹാരമാകുകയും ചെയ്യും.
Read also: പുതിയ പ്രഭാതം കൊണ്ടുവരണം; മമതയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ്







































