പാലക്കാട്: സർ, മാഡം തുടങ്ങിയവ വിളിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പാലക്കാട് നഗരസഭ തള്ളി. നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർ കെ മൻസൂർ ചൊവ്വാഴ്ച കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയമാണ് നഗരസഭ തള്ളിയത്.
ബിജെപി പാർട്ടി നേതാവ് കെവി വിശ്വനാഥൻ പ്രമേയം എതിർത്തിരുന്നു. തൊട്ട് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ പ്രമേയം തള്ളിയത്. ഇത്തരം അഭിസംബോധനകൾ ആദ്യമായി ഒഴിവാക്കിയത് പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തായിരുന്നു. തുടർന്ന്, ഈ മാതൃക പിന്തുടർന്ന് സംസ്ഥാനത്തെ 32 ഗ്രാമപഞ്ചായത്തുകളും ഏഴ് നഗരസഭകളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പാലക്കാട് നഗരസഭ പ്രമേയം തള്ളിയത്.
ബ്രിട്ടീഷ് കൊളോണിയൽ സംസ്കാരത്തിന്റെ അവശേഷിപ്പാണ് സർ\മാഡം വിളികൾ എന്നും, അപേക്ഷകളിലും മറ്റ് കത്തിടപാടുകളിലും ഇത്തരം അഭിസംബോധനകൾ ഒഴിവാക്കണമെന്നുമായിരുന്നു കൗൺസിലർ നൽകിയ പ്രമേയത്തിൽ ഉണ്ടായിരുന്നത്.
Read Also: തുഷാരഗിരി സംരക്ഷണം; ജനകീയ പരിസ്ഥിതി പഠന യാത്ര നാളെ